പാൽരാജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വധശ്രമക്കുറ്റവും ചുമത്തി. ഇന്ന് പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് നടത്തും.

ഇടുക്കി:വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ അച്ഛനെ ആക്രമിച്ച പ്രതി പാൽരാജിനെതിരെ വധശ്രമക്കുറ്റം ചുമത്തി. കൊലപാതകം നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി സ്ഥലത്ത് എത്തിയതെന്നാണ് എഫ്ഐആർ. ആയുധവുമായി എത്തിയ പാൽരാജ് മനപൂർവം പ്രകോപനമുണ്ടാക്കിയെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നുണ്. പ്രതിക്ക് പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ഉദ്ദേശമുണ്ടായിരുന്നെന്നും ഇതിനായി പാല്‍രാജ് കയ്യില്‍ ആയുധം കരുതിയെന്നുമാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ആക്രമിക്കുന്നതിനായി മനപൂര്‍വം പെണ്‍കുട്ടിയുടെ പിതാവിനെ പാല്‍രാജ് പ്രകോപിപ്പിക്കുകയായിരുന്നു.

പ്രകോപനമുണ്ടാക്കിയശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍റെ നെഞ്ചിന് താഴെയും ഇരുകാലുകളുടെ തുടകളിലുമാണ് മൂര്‍ച്ഛയേറിയ ആയുധം കൊണ്ട് കുത്തിയെന്നാണ് എഫ്ഐആറിലുള്ളത്. അതേസമയം, പിടിയിലായ പാല്‍രാജിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഇന്ന് നടക്കും.അതേസമയം, ആരോപണം അടിസ്ഥാന രഹിതമെന്ന് പാൽ രാജിന്റെ കുടുംബം പറ‍ഞ്ഞു. ആക്രമണം കരുതി കൂട്ടിയല്ലെന്നും സ്വയം രക്ഷയ്ക്ക് വേണ്ടി ചെയ്തതതാണെന്നുമാണ് പാല്‍ രാജിന്‍റെ കുടുംബാംഗങ്ങള്‍ പറയുന്നത്. ഇരയുടെ കുടുംബം തുടർച്ചയായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കയ്യിലുണ്ടായിരുന്നത് കത്തിയായിരുന്നില്ല. തയ്യൽ തൊഴിലുമായി ബന്ധപ്പെട്ട ഉപകരണമായിരുന്നു. സർക്കാർ സുരക്ഷയൊരുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അർജുൻ്റെ ബന്ധുവാണ് പാൽരാജ്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പരുമല ജംഗ്ഷനിലൂടെ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ പോകുമ്പോള്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ അ‍ജ്ജുന്‍റെ ബന്ധു പാല്‍രാജ് ചില അശ്ലീല ആംഗ്യങ്ങള്‍ കാട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. ഇതിനൊടുവില്‍ പാല്‍രാജ് കുട്ടിയുടെ അച്ഛനെ കുത്തുകയായിരുന്നു. കുത്തേറ്റ ഉടന്‍ തന്നെ നാട്ടുകാർ ഓടി കൂടി. വണ്ടിപെരിയാര്‍ സർക്കാർ ആശുപത്രിയിലെത്തിച്ചു. ഇരുകാലുകളുടെയും തുടക്കാണ് പരിക്കേറ്റത്. നെഞ്ചത്തും ചെറിയ പരുക്കേറ്റിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛനും സംഘർഷത്തിൽ നേരിയ പരുക്കുണ്ട്. കുട്ടിയുടെ അച്ഛന്‍ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം പീരുമേടില്‍ നിന്നാണ് പാല്‍രാജിനെ പൊലീസ് പിടികൂടിയത്. 

വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് പ്രതി അർജുന്‍റെ ബന്ധു

Asianet News Live | Malayalam News Live | Kerala School Kalolsavam 2024 | #Asianetnews