വാണിയംകുളത്ത് നിന്ന് ആറ് ദിവസമായി കാണാതായ മൂന്നംഗ കുടുംബത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ സഞ്ചരിച്ച വാഹനം കർണാടക അതിർത്തി കടന്നതായും എന്നാൽ മകൻ വിഷ്ണു മാത്രം തിരികെയെത്തി വാഹനം ഉപേക്ഷിച്ചതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. മൂവരും എവിടെയെന്ന് ഒരു നിലവിൽ ഒരു സൂചനയുമില്ല.
പാലക്കാട്: വാണിയംകുളത്ത് നിന്നും ആറ് ദിവസമായി കാണാതായ മൂന്നാംഗ കുടുംബത്തിനായി പൊലീസിന്റെ അന്വേഷണം ഊർജിതം. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം ഉപേക്ഷിക്കുന്നതിന് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കേരളത്തിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് വാഹനം കടന്നതായും തിരികെ വാഹനം കേരളത്തിലേക്ക് എത്തിയതായും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി.
കർണാടകയിലേക്ക് പ്രവേശിക്കുമ്പോൾ വാഹനത്തിൽ ബാബു ഭാസ്കറും ഭാര്യ രമാദേവിയും മകൻ വിഷ്ണുവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തിരിച്ച് വാഹനം കേരളത്തിൽ ഉപേക്ഷിക്കുമ്പോൾ വിഷ്ണു മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. വാഹനം ഉപേക്ഷിച്ച ശേഷം വിഷ്ണു എങ്ങോട്ട് പോയി, അച്ഛനും അമ്മയും എവിടെ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. നിലവിലുള്ള അന്വേഷണ സ്ക്വാഡിന് പുറമേ മറ്റൊരു സ്ക്വാഡ് കൂടി രൂപീകരിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വാണിയംകുളം സ്വദേശികളായ മൂവരെയും കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ ബന്ധുവീടുകളിൽ എവിടെയും അത്തരമൊരു ചടങ്ങ് നടന്നിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. കുടുംബത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ ബന്ധുക്കൾ ഷൊർണൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കുടുംബം സ്വന്തം പിക്കപ്പ് വാഹനത്തിൽ വീട്ടിൽ നിന്ന് പുറപ്പെട്ടതായി കണ്ടെത്തി. ഇവർക്ക് രണ്ട് പിക്കപ്പ് വാഹനങ്ങളാണ് ഉള്ളത്. ഒന്ന് വീട്ടിൽ നിർത്തിയിട്ടുണ്ട്. മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഫോണുകളുടെ അവസാന ടവർ ലൊക്കേഷൻ വീടിന് സമീപത്താണ് ലഭിച്ചത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്ന വിവരമുണ്ട്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വമേധയാ മാറിനിൽക്കുകയാണോ എന്നതടക്കം എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.
