Asianet News MalayalamAsianet News Malayalam

രാജന്റെ കുടുംബത്തിനെതിരായ പരാതിയുമായി മുന്നോട്ട് തന്നെ; വാക്കുമാറ്റി പരാതിക്കാരി വസന്ത

രാജന്റെ മക്കൾക്ക് വീടും സ്ഥലവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോൺഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു

Vasantha complainant change stand in Neyyattinkara Rajan Case wont give land to family
Author
Thiruvananthapuram, First Published Dec 29, 2020, 2:51 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേഹത്ത് പെട്രോളൊഴിച്ച ദമ്പതികൾ മരിച്ച സംഭവത്തിൽ, കേസുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിൽ നിന്ന് പരാതിക്കാരി പിൻവാങ്ങി. ഭൂമി തന്റേതാണെന്ന് തെളിയിക്കുമെന്നും ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.

ദമ്പതികൾ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് രാജന്‍റെ കുടുംബത്തിനെതിരായ കേസില്‍ മുന്നോട്ട് പോകില്ലെന്ന് ഇന്ന് രാവിലെ പരാതിക്കാരി പ്രതികരിച്ചത്. നിയമപരമായി എല്ലാ രേഖകളും ഉള്ള ഭൂമി 16 കൊല്ലം മുന്‍പ് വാങ്ങിയതാണ്. പട്ടയം അടക്കമുള്ള രേഖകള്‍ ഉള്ളതുകൊണ്ടാണ് തനിക്ക് അനുകൂലമായ വിധി വന്നത്. ഇപ്പോള്‍ രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ തന്‍റെ മക്കളുമായി സംസാരിച്ചെന്നും കേസില്‍ മുന്നോട്ട് പോകില്ലെന്നും പരാതിക്കാരി വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിലിരിക്കുന്ന ഭൂമി രാജന്റെ മക്കള്‍ക്ക് കൈമാറാം എന്നും ഇവര്‍ വാക്കാല്‍ പറഞ്ഞിരുന്നു.

രാജന്റെ മക്കൾക്ക് വീടും സ്ഥലവും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. നേരത്തെ യൂത്ത് കോൺഗ്രസും വീടും സ്ഥലവും വാഗ്ദാനം ചെയ്തു. പിന്നാലെ ഡിവൈഎഫ്ഐ പഠന ചെലവും ഏറ്റെടുക്കുമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തി രാജന്റെ മക്കളോട് സംസാരിച്ചു.

ദമ്പതികൾ മരിച്ച സംഭവത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. റൂറൽ എസ്‍പിയാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയോ, ദമ്പതികളോട് പൊലീസ് മോശമായി പെരുമാറിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. 

എനന്നാൽ പൊലീസ് ഒഴിപ്പിക്കാനെത്തിയപ്പോൾ ദേഹത്ത് പെട്രോളൊഴിച്ച നെയ്യാറ്റിൻകര സ്വദേശി രാജനും ഭാര്യ അമ്പിളിയും ലൈറ്ററെടുത്ത് കയ്യിൽ പിടിച്ച് കത്തിച്ചെന്നും, അത് മാറ്റാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥതലത്തിൽ വരുന്ന പ്രതികരണം. നല്ല ഉദ്ദേശത്തോടെ, രാജന്റെ കൈയ്യിൽ നിന്ന് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീയാളിപ്പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മൂന്ന് സെന്റ് ഭൂമി ഒഴിപ്പിക്കുന്നത് പോലെയുള്ള ഇത്തരം ചെറിയ കേസുകൾ സംയമനത്തോടെയും സഹാനുഭൂതിയോടെയും പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. 

അതേസമയം, പൊലീസും വീട് ഒഴിപ്പിക്കാൻ ഹർജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്‍റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പൊലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്‍റെ മക്കൾ ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽക്കൂടിയാണ് ഡിജിപി എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ റിപ്പോർട്ട് തേടിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios