ഇടുക്കി: വട്ടവടയിലെ മരം മുറിക്കല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഭൂമി തിട്ടപ്പെടുത്താനും തണ്ടപ്പേര് വേരിഫേക്കേഷന്‍ നടത്തുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചു. വനം- റവന്യൂ-വനം സര്‍വ്വേ ഡിപ്പാര്‍ട്ടുമെന്റിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്. തണ്ടപ്പേര് വേരിഫിക്കേഷന്‍ അടക്കം പൂര്‍ത്തിയായതിനുശേഷമായിരിക്കും മരം മുറിക്കല്‍ അനുമതി നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും ഭൂമിയുടെ ഉടമസ്ഥാവകാസം സംബന്ധിച്ച് രേഖകളുടെ അഭാവം പ്രതിസന്ധിയായിരുന്നു.  തണ്ടപ്പേര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന സ്ഥലത്തെ മരങ്ങള്‍ മാത്രമേ മുറിക്കാവുയെന്ന ലാന്റ് റവന്യൂ കമ്മീഷ്ണറുടെ ഉത്തരവായിരുന്നു കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. 

തലമുറകളായി കൈമാറി കിട്ടിയ ഭൂമിയുടെ രേഖകള്‍ ഇവരുടെ കൈവശമില്ലാത്ത സാഹചര്യമുണ്ടായതോടെ തണ്ടപ്പേര് വേരിഫിക്കേഷന്‍ നടത്താന്‍ കഴിഞ്ഞത് ഇരുതോളം പേര്‍ക്ക് മാത്രമാണ്. ഇതോടെ മരം മുറിക്കലും ഗ്രാന്റീസ് നിര്‍മ്മാര്‍ജ്ജനവും ഇരുളടഞ്ഞു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മൂന്നാര്‍ കെടിഡിസിയില്‍ യോഗം ചേര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

റവന്യു-വനം-സര്‍വ്വെ ഉദ്യോഗസ്ഥരടങ്ങുന്ന 50 പേരടങ്ങുന്ന സംഘം രണ്ടാഴ്ചക്കുള്ളില്‍ വട്ടവടയിലെത്തും. റവന്യുഭൂമി തരംതിരിക്കുന്നതോടെ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയുമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രാമരാജും പറയുന്നത്.  പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന 60 61 ബ്ലോക്കിലെ റവന്യു ഭൂമിയായിരിക്കും ആദ്യം സര്‍വ്വെ നടത്തുക. തുടര്‍ന്ന് തണ്ടപ്പേര് പരിശോധന ആരംഭിക്കും. റവന്യു ഭൂമി തിട്ടപ്പെടുത്തുന്നതോടെ മരം മുറിക്കലിന് അനുമതിനല്‍കുന്ന നടപടികള്‍ ആരംഭിക്കും. ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, ഡി എഫ് ഒ കണ്ണന്‍, വട്ടവട, മറയൂര്‍ റേഞ്ച് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.