Asianet News MalayalamAsianet News Malayalam

'ഞാന്‍ മോഹന്‍കുമാര്‍, ഇവിടത്തെ തോറ്റ സ്ഥാര്‍ത്ഥി'; കൂവിയവരെ നിശബ്ദരാക്കി മോഹന്‍കുമാറിന്‍റെ മറുപടി

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്ത ശേഷം മോഹന്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ കേട്ട് കൂവി വിളിച്ചവര്‍ നിശബ്ദരായി. "ഞാൻ മോഹൻകുമാർ. ഇവിടുത്തെ തോറ്റസ്ഥാനാർത്ഥി ആണ്''. 

Vattiyoorkavu udf candidate k monhankumar reply to youth whose mock him
Author
Thiruvananthapuram, First Published Oct 25, 2019, 11:47 AM IST

തിരുവനന്തപുരം: തന്നെ കൂവീ സ്വീകരിച്ച ചെറുപ്പക്കാരെ നിശബ്ദരാക്കി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാറിന്‍റെ മറുപടി. ഒന്നും മിണ്ടാതെ, നിശബ്ദം പിന്‍വാങ്ങി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. വോട്ടെണ്ണല്‍ കേന്ദ്രമായ പട്ടം സെന്‍റ് മേരീസ് സ്കൂളിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെയാകെ അമ്പരിപ്പിച്ച സംഭവം നടന്നത്.

യുഡിഎഫിന് മേല്‍ക്കൈയ്യുള്ള മണ്ഡലങ്ങളില്‍ ലീഡ് ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനാണെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയത്. മോഹന്‍ കുമാറിന്‍റെ വാഹനം ഗേറ്റിലെത്തിയപ്പോഴേക്കും ഇടത് അനുകൂലികള്‍ വാഹനം തടഞ്ഞ് കൂവി വിളിച്ചു.

കൂവല്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ഇടത് നേതാക്കള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂവലിന്‍റെ അകമ്പടിയോടെ മോഹന്‍കുമാറിന്‍റെ വാഹനം സെന്‍റ് മേരീസ് സ്കൂളിനുള്ളില്‍ പ്രവേശിച്ചു. വാഹനത്തില്‍ നിന്നിറങ്ങിയ മോഹന്‍കുമാര്‍ കൂവിയ ഇടത് പ്രവര്‍ത്തകരെ അമ്പരപ്പിച്ച് അവരുടെ അടുത്തേക്ക് ചെന്നു.

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് കൈ കൊടുത്ത ശേഷം മോഹന്‍കുമാര്‍ പറഞ്ഞ വാക്കുകള്‍ കേട്ട് കൂവി വിളിച്ചവര്‍ നിശബ്ദരായി. "ഞാൻ മോഹൻകുമാർ. ഇവിടുത്തെ തോറ്റസ്ഥാനാർത്ഥി ആണ്. വണ്ടിയിൽ തട്ടാനും ഒച്ചവയ്ക്കാനും ഞാനൊരു സാമൂഹ്യവിരുദ്ധനല്ല. ജയവും തോൽവിയും തെരഞ്ഞെടുപ്പിൽ സ്വാഭാവികമാണല്ലോ. ഇത്തവണ തോറ്റുപോയെന്നു കരുതി നിർത്തികൂവുന്നതൊക്കെ പഴയ ശൈലിയല്ലേ? ആര് തോറ്റാലും നിങ്ങളെപ്പോലുള്ള ചെറുപ്പക്കാർ ഇത് ചെയ്യരുത്"- മോഹന്‍ കുമാര്‍ പറഞ്ഞു നിര്‍ത്തി.

ഒരക്ഷരം മിണ്ടാതെ കൂവി വിളിച്ച പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന്‍റെ വിജയം ഉറപ്പിക്കുന്നതരത്തിലേക്ക് ലീഡുയര്‍ന്നതോടെയാണ് പിന്നീട് മോഹന്‍കുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയത്. ആദ്യം കൂക്കി വിളിച്ച പ്രവര്‍ത്തകര്‍ മോഹന്‍ കുമാര്‍ മടങ്ങിയപ്പോള്‍ നിശ്ബദം വാഹനത്തിന് വഴിയൊരുക്കി കൊടുത്തു.

വട്ടിയൂ‍ർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത് ഉജ്ജല വിജയമാണ് കാഴ്ച വച്ചത്. 14438 വോട്ടിനാണ് പ്രശാന്ത് ജയിച്ചത്. പാ‍ർട്ടിയും മുന്നണിയും സ്ഥാനാർ‍ത്ഥിയും കണക്കുകൂട്ടിയതിനേക്കാൾ തിളക്കമാ‍ർന്ന ഭൂരിപക്ഷത്തോടെയാണ് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന് 40344 വോട്ടുകള്‍ ലഭിച്ച് രണ്ടാം സ്ഥാനത്തായി.

Follow Us:
Download App:
  • android
  • ios