തലയില്‍ വാള്‍ കൊണ്ട് വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.  

ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍. പ്രതികള്‍ കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്കറും ആയുധം കൈമാറി. തലയില്‍ വാള്‍ കൊണ്ട് വെട്ടി നന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ഇന്നലെ രാത്രി 9.45 ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ - ആർഎസ്എസ് സംഘർഷത്തിനിടെ ശാഖ ഗഡ നായക് നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് കണ്ടെത്തിയ എട്ട് പേരുടെ അറസ്റ്റ് ചേർത്തല പൊലീസ് ഇന്ന് രേഖപെടുത്തി. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ ഉള്ളത്.