വാഴക്കുളം പൈനാപ്പിളിന്‍റെ വിപണി വില ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി

മൂവാറ്റുപുഴ: വാഴക്കുളം പൈനാപ്പിളിന്‍റെ വിപണി വില ചരിത്രത്തിലെ ഉയർന്ന നിലയിലെത്തി. ഗ്രീൻ പൈനാപ്പിളിന് കിലോഗ്രാമിന് 68 രൂപയും സ്പെഷൽ ഗ്രേഡ് ഗ്രീൻ പൈനാപ്പിളിന് 70 രൂപയുമാണ് നിലവിൽ ലഭിക്കുന്നത്. ഇതിന് മുൻപ് എ ഗ്രേഡ് പച്ച പൈനാപ്പിളിന് കർഷകർക്ക് ലഭിച്ച പരമാവധി വില 65 രൂപയായിരുന്നു. അടുത്ത ദിവസങ്ങളിൽ ചിലയിടങ്ങളിൽ കിലോയ്ക്ക് 75 രൂപവരെ വില ലഭിച്ചെങ്കിലും പൊതുവെ വിപണി നിരക്ക് 68 മുതൽ 70 രൂപ വരെ തുടരുകയാണ്. വരും ദിവസങ്ങളിൽ വില വീണ്ടും ഉയരാനിടയുണ്ടെന്ന സൂചനകളും വ്യാപാര രംഗത്ത് നിന്നുണ്ട്. എന്നാൽ വിലക്കയറ്റം ഉണ്ടായിട്ടും ഗുണം ഭൂരിഭാഗം കർഷകർക്കും ലഭിക്കുന്നില്ല. മേയ് മാസത്തിന്‍റെ മധ്യത്തോടെ പൈനാപ്പിൾ വില കിലോയ്ക്ക് 20 രൂപ വരെ ഇടിഞ്ഞിരുന്നു. ഇതോടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നേരിടേണ്ടി വന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ വില ഉയർന്നിട്ടുണ്ടെങ്കിലും തോട്ടങ്ങളിൽ ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. സാധാരണ ലഭിക്കുന്ന ഉത്പാദനത്തിന്‍റെ അഞ്ച് മുതൽ 10 ശതമാനം വരെ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നതെന്നാണ് കണക്കുകൾ. അതിനാൽ ഇപ്പോഴത്തെ വില വർധന മുൻകാല നഷ്ടം നികത്താൻ പര്യാപ്തമല്ല. എന്നിരുന്നാലും വിപണിയിലെ ഈ മുന്നേറ്റം കർഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയുണ്ട്.

നേട്ടമായത് പൈനാപ്പിൾ ക്ഷാമം

പൈനാപ്പിൾ ക്ഷാമമാണ് നിലവിലെ വില വർധനയുടെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും മൂലം കുല വരുന്നതിനായി സാധാരണ പ്രയോഗിക്കുന്ന ‘എത്തിഫോൺ’ കൃത്യമായി ഉപയോഗിക്കാൻ കർഷകർക്ക് സാധിച്ചില്ല. ഇതോടെ വിപണിയിലേക്ക് പുതിയ പൈനാപ്പിളിന്റെ വരവ് ഗണ്യമായി കുറഞ്ഞു.

ഉയർന്ന താപനില പൈനാപ്പിളിന്‍റെ വലിപ്പത്തെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിച്ചു. മെയ് മാസത്തിൽ ഹോർമോൺ പ്രയോഗം നടത്താതെയും ഭൂരിഭാഗം ചെടികളും സ്വാഭാവികമായി കുലച്ചിരുന്നു. എന്നാൽ അന്നത്തെ വിലയിടിവും വിളവെടുപ്പിന് ആവശ്യമായ തൊഴിലാളികളുടെ അഭാവവും കാരണം വലിയൊരു വിഭാഗം വിളകൾ തോട്ടങ്ങളിൽ തന്നെ കിടന്ന് നശിച്ചതായാണ് കർഷകർ പറയുന്നത്.

YouTube video player