വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിന് ഇടയാക്കി അപകടത്തിൽ പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും ബിജെപിയും

മലപ്പുറം: വഴിക്കടവിൽ അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എൽഡിഎഫും ബിജെപിയും. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എൽഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ കെഎസ്ഇബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കും മാർച്ച് നടത്തി. പിന്നാലെ വനം വകുപ്പ് ഓഫീസിന് മുന്നിൽ ബിജെപിയും പ്രതിഷേധിക്കുന്നുണ്ട്.

എൽഡിഎഫ് മാർച്ച്

വഴിക്കടവ് പഞ്ചായത്തിലേക്ക് വന്യമൃഗ ശല്യം തടയുന്നതിൽ പരാജയപ്പെട്ടു എന്നാരോപിച്ച് എൽഡിഎഫ് മാർച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ കാട് കയറുന്നുവെന്നും കാട്ടാന ഇറങ്ങിയാൽ രക്ഷപ്പെട്ടു എന്നാണ് സതീശൻ്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. പന്നിയെ കെണി വയ്ക്കുന്നത് പഞ്ചായത്ത് ഒത്താശയോടെയാണ്. മരണത്തിൽ പോലും മായം കലർത്തുകയാണ് പ്രതിപക്ഷം. യുഡിഎഫ് നിഗൂഢ പദ്ധതികൾ ആവിഷ്കരിച്ച് നിൽക്കുകയാണ്. കൈപ്പത്തി ആണ് അടയാളം, പന്നിക്കെണിയല്ലെന്ന് കോൺഗ്രസ് ഓർക്കണം. ഒരു പഞ്ചായത്ത് കിട്ടിയാൽ പന്നിക്കെണി ആണെങ്കിൽ കേരളം കിട്ടിയാൽ എന്തായിരിക്കും ഇവരുടെ സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു.

യുഡിഎഫ് മാർച്ച്

കെഎസ്ഇബി ഓഫീസിന് മുന്നിൽ വിഡി സതീശൻ യുഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ്, കെഎസ്ഇബി ഒരു നടപടിയും എടുത്തില്ലെന്ന് കുറ്റപ്പെടുത്തി. നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്. പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണ്. ഗുരുതരമായ അനാസ്ഥ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കെ.എം ഷാജി, വി.എസ്.ജോയ്, അൻവർ സാദത്ത്, ബിന്ദു കൃഷ്ണ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

ബിജെപി പ്രതിഷേധം

വനം ഓഫീസിന് മുന്നിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിച്ചു. പന്നിയെ വെടിവെച്ചു കൊല്ലാനുള്ള ഒരു ലൈസൻസും കേന്ദ്രം നൽകേണ്ട കാര്യമില്ല. അപകടകാരിയായ വന്യ മൃഗങ്ങളെ കൊല്ലാൻ വനം വകുപ്പിന് അനുമതി ഉണ്ട്. യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്താണെങ്കിൽ പന്നിയെ വെടി വെക്കുന്നവർക്ക് പണം നൽകുന്നില്ല. കെഎസ്ഇബി യുടെ വൈദ്യുതി അനധികൃതമായി എടുക്കുന്നത് പരിശോധിക്കാൻ സംവിധാനമില്ല. ആനക്ക് എത്ര കാല് ഉണ്ട് എന്ന് പോലും അറിയാത്ത ആളാണ് വനം മന്ത്രി. ഇങ്ങിനെ ഒരാളെയും വെച്ച് എന്തിനാണ് പിണറായി വിജയൻ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്? മലയോര ജനതയെ വഞ്ചിക്കുകയാണ് എൽഡിഎഫും യുഡിഎഫുമെന്നും അദ്ദേഹം പറഞ്ഞു.

YouTube video player