വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തത്.

തിരുവനന്തപുരം: സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മഞ്ഞുരുകിയില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും ഗവര്‍ണര്‍ മന്ത്രിമാരോട് ആരാഞ്ഞു. മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.

കേരള സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാല നിയമന തർക്കത്തില്‍ സുപ്രീംകോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സർക്കാർ അനുനയ നീക്കത്തിനൊരുങ്ങിയത്. സർവ്വകലാശാലകളിലെ വിസി നിയമനത്തിനായി സർക്കാരും ഗവർണ്ണരും മുന്നോട്ട് വെച്ചത് വ്യത്യസ്ത പേരുകളായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്കെതിരെ ഗവര്‍ണര്‍‌ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു ഗവർണറുടെ സത്യവാങ്മൂലത്തിലെ ആവശ്യം. മുഖ്യമന്ത്രി മെറിറ്റ് പരിഗണിച്ചില്ലെന്നും മെറിറ്റ് അട്ടിമറിച്ച് മാധ്യമ വാർത്തകളുടെ പേരില്‍ മുഖ്യമന്ത്രി സിസ തോമസിനെ ഒഴിവാക്കിയെന്നും ഗവർണർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വിസി നിയമന കേസിൽ സുപ്രീംകോടതി കർശന താക്കീത് നല്‍കിയത്.

തർക്കം തുടരുന്നതിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. ജസ്റ്റിസ് ധൂലിയ സമിതി നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ സമവായം ഉണ്ടായില്ലെങ്കിൽ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ രണ്ട് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് നൽകിയെങ്കിലും നിയമനം നടന്നിരുന്നില്ല. സാങ്കേതിക സർവകലാശാലയിലേക്ക് സി സതീഷ് കുമാറിനെയും ഡിജിറ്റൽ സർവകലാശാലയിലേക്ക് സജി ഗോപിനാഥിനെയും നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ശുപാർശ. എന്നാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ പ്രിയ ചന്ദ്രനേയും സാങ്കേതിക സർവകലാശാലയിൽ സിസ തോമസിനെയും വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിർദ്ദേശം. ഗവര്‍ണര്‍-മന്ത്രിമാര്‍ കൂടിക്കാഴ്ചയിലും തര്‍ക്കം അവസാനിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ നിലപാടാണ് ഇനി അറിയേണ്ടത്.

YouTube video player