കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ നിയമനം സാധ്യമല്ലെന്ന് ആണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്

കണ്ണൂർ : പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകാശാലയിലെ നിയമനത്തിന് എതിരെ പരാതി നല്‍കിയ ജോസഫ് സ്കറിയയയെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കത്തില്‍ നിന്നും വി.സി പിന്‍മാറി. സിന്‍ഡിക്കറ്റ് യോഗത്തിലാണ് വി.സി ഇക്കാര്യം അറിയിച്ചത്. ജോസഫ് സ്കറിയയെ നിയമിക്കാനുള്ള തീരുമാനം കഴിഞ്ഞ യോഗത്തില്‍ വി സി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഇടത് അംഗങ്ങള്‍ എതിര്‍ത്തിരുന്നു

കോടതി ഉത്തരവിന്‍റെ ബലത്തില്‍ കാലിക്കറ്റ് സര്‍വകാശാല മലയാളം പ്രൊഫസര്‍ അഭിമുഖത്തില്‍ പങ്കെടുത്ത ഡോ. ജോസഫ് സ്കറിയ റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലും ഡോ.ജോസഫ് സ്കറിയയായിരുന്നു ഒന്നാമത്. അഭിമുഖം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ നിയമനം വൈകി. കഴി‍ഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ എം.കെ ജയരാജ് പ്രൊഫസര്‍ റാങ്ക് പട്ടികയും നിയമന തീരുമാനവും അവതരിപ്പിച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ കേസ് നില്‍ക്കുന്നതിനാല്‍ നിയമനം സാധ്യമല്ലെന്ന് ആണ് ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. ഇന്നലെ വീണ്ടും ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിവാദമായ മലയാളം പ്രൊഫസര്‍ നിയമനം വീണ്ടും ചര്‍ച്ചയായി. യു ഡി എഫ് അംഗം വിഷയം ഉന്നയിച്ചപ്പോള്‍ കോടതിയിലുള്ള കേസ് പൂര്‍ത്തിയാകുന്നത് വരെ നിയമന നീക്കമില്ലെന്നാണ് വി.സി നല്‍കിയ മറുപടി. ഡോ.ജോസഫ് സ്കറിയയുടെ നിയമനത്തിനെതിരെ മറ്റൊരു ഉദ്യോഗാര്‍ഥിയായ ഡോ.സി.ജെ ജോര്‍ജും കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈന്‍ അപേക്ഷയില്‍ മതിയായ യോഗ്യത കാണിച്ചിട്ടില്ലെന്നും അഭിമുഖം റദ്ദാക്കണമെന്നു മാണ് സി.ജെ ജോര്‍ജ്ജിന്റെ പരാതി.

പ്രിയ വർഗീസിന് തിരിച്ചടി, ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി, നിയമന സ്റ്റേ നീട്ടി