Asianet News MalayalamAsianet News Malayalam

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുന്നു, അധികാര വികേന്ദ്രീകരണം അട്ടിമറിച്ചു: വിഡി സതീശൻ

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ജനപ്രതിനിധികൾ മാർച്ച് 31 ന് ഒരു മണിക്കൂർ പ്രതിഷേധിക്കുമെന്ന് യുഡിഎഫ് ചെയർമാൻ

VD Satheesan accuses Kerala Govt for LSGD fund crisis kgn
Author
First Published Mar 28, 2023, 11:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്തുഞെരിച്ച് കൊല്ലുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അധികാര വികേന്ദ്രീകരണം സംസ്ഥാന സർക്കാർ അട്ടിമറിച്ചു. സാമ്പത്തിക വർഷ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ താറുമാറാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾ ബില്ല് മാറാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. സ്പിൽ ഓവർ ചെയ്താൽ അടുത്ത വർഷത്തെ പദ്ധതി നടത്തിപ്പ് കൂടി താറുമാറാകും. ട്രഷറിയിൽ നിന്ന് പണം ചെലവഴിക്കാതിരിക്കാൻ വിചിത്ര നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കൃത്യമായ പണം കൊടുക്കാത്തത് കൊണ്ട് താളം തെറ്റിയ പണികൾ തീർക്കാൻ ഒരു മാസം എങ്കിലും സമയം നീട്ടണം.

മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ കത്ത് അയക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് ജനപ്രതിനിധികൾ മാർച്ച് 31 ന് ഒരു മണിക്കൂർ പ്രതിഷേധിക്കും. 13,223 കോടി രൂപ ട്രഷറിയിൽ പെന്റിംഗ് ബില്ലുണ്ട്. കൈയ്യിൽ പണമില്ലാത്തത് സർക്കാർ മറച്ച് വയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബ്രഹ്മപുരം തീപിടിത്തത്തിൽ പ്രാഥമിക റിപ്പോർട്ടിന് 20 ദിവസമെടുത്തെന്ന് വിഡി സതീശൻ വിമർശിച്ചു. എന്തടിസ്ഥാനത്തിലാണ് അഞ്ചിടത്ത് ഒപ്പം തീപിടിച്ചത് അട്ടിമറിയല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും വെള്ളപൂശിയ കരാറുകാരനെതിരെ എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ വിഷയത്തിൽ കക്ഷിനേതാക്കളും ജനപ്രതിനിധികളും ഏപ്രിൽ 5 ന് രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും. കെ സുരേന്ദ്രൻ സിപിഎം വനിതാ നേതാക്കൾക്കെതിരെ നടത്തിയത് സഭ്യേതര പരാമർശമാണ്. സിപിഎം നേതാക്കൾ മിണ്ടാതിരിക്കുന്നത് അതിശയിപ്പിക്കുന്നു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും  അടക്കം ആരുടേയും ചുണ്ട് അനങ്ങുന്നില്ല. വ്യാജ കേസും ഇല്ലാത്ത കേസും എടുക്കുന്ന സിപിഎം സുരേന്ദ്രനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ്? സിപിഎം മടിച്ചാൽ സത്രീവിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് കേസ് നൽകും.

Follow Us:
Download App:
  • android
  • ios