Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി സ്തുതിപാഠകർക്ക് നടുവിലെന്ന് വിഡി സതീശൻ: പ്രളയരക്ഷാപ്രവർത്തനത്തിൽ സർക്കാർ പരാജയം

രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. 

VD Satheesan against Chief minister And Government on Flood management
Author
Thiruvananthapuram, First Published Oct 21, 2021, 12:53 PM IST

കോട്ടയം: പ്രളയദുരന്തം (Kerala Flood 2021) പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ (Kerala Governement) വൻപരാജയമാണെന്ന രൂക്ഷവിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). അറബിക്കടലിൽ (Arabisan sea) രൂപംകൊണ്ട ന്യൂനമർദ്ദം (Depression) കേരളത്തിൽ വൻനാശം വിതയ്ക്കുമെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് (Red alert) പ്രഖ്യാപിക്കാൻ വൈകിയെന്നും ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ (kokkayar) അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ സംവിധാനം രക്ഷാപ്രവർത്തനത്തിന് എത്തിയതെന്നും വിഡി സതീശൻ ആരോപിച്ചു. 

ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാനോ കേൾക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയും സർക്കാരും. സ്തുതിപാഠകരുടെ നടുവിൽ നിൽക്കാനാണ് അവർക്കിഷ്ടം. സർക്കാരിനെ വിമർശിക്കുന്നവരെല്ലാം ദേശദ്രോഹികളാണെന്ന മോദിയുടെ സ്റ്റൈലാണ് പിണറായിക്കെന്നും സതീശൻ തുറന്നടിച്ചു. അകാരണമായി ലോക്ക് ഡൌണ് നീട്ടിയ സർക്കാർ എന്നാൽ അതുവഴി സാമ്പത്തികപ്രതിസന്ധിയിലായവരെ രക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സതീശൻ വിമർശിച്ചു. കോട്ടയത്ത് മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു സതീശൻ. 

വിഡി സതീശൻ്റെ വാക്കുകൾ - 

സഹകരണബാങ്കുകളിൽ പോലും മൊറട്ടോറിയം കൊണ്ടു വരാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഈ ആഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് റിസർവ്വ് ബാങ്കിനോട് മൊറട്ടോറിയം നൽകാൻ ആവശ്യപ്പെട്ടത്. ഇതേകാര്യം അരഡസൻ തവണയെങ്കിലും ഞങ്ങൾ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടതാണ്. മൊറട്ടോറിയം പ്രഖ്യാപിക്കാതെ ആളുകൾ എവിടെ നിന്നും പൈസ അടയ്ക്കും എന്ന് ഞങ്ങൾ ചോദിച്ചതാണ്. അങ്ങനെയൊരു നടപടിയിലൂടെ ജനങ്ങൾക്ക് ധൈര്യം നൽകണമായിരുന്നു. സരിൻ മോഹൻ്റെ ഭാര്യ പറയുന്നത് കടം നൽകിയവർ വീട്ടിൽ വന്ന് തെറി പറയുകയായിരുന്നുവെന്നാണ്. അങ്ങനെയൊടുവിൽ ഈ കുടുംബം അനാഥമായി. ഈ ഒരു കേസ് മാത്രമല്ല എത്ര പേരാണ് ഇതേവരെ ആത്മഹത്യ ചെയ്തത്. എത്രയോ പേർ ആത്മഹത്യയുടെ മുനമ്പിൽ നിൽക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണം. സംസ്ഥാനത്തെ എല്ലാ തരം റിക്കവറി നടപടികളും ഉടൻ നിർത്തിവയ്ക്കണം. കാര്യങ്ങൾ ഒന്നു മെച്ചപ്പെട്ട് വരട്ടേ. ആരും കടം കേറി ജീവിക്കാൻ ആഗ്രഹിക്കിലല്ലോ. 

 

രണ്ടാം തവണ അധികാരത്തിൽ വന്നതോടെ ഒരു തരത്തിലുള്ള വിമർശനവും അംഗീകരിക്കാൻ പറ്റാത്ത നിലയിലാണ് സർക്കാരുള്ളത്. സ്തുതിപാഠകരുടെ നടുവിലാണ് മുഖ്യമന്ത്രി. നമ്മുടെ ദുരന്തനിവാരണ അതോറിറ്റി ഒരു പരാജയമാണെന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പറഞ്ഞത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളതീരത്തേക്കാണ് നീങ്ങുന്നതെന്ന് നാസയും ഇന്ത്യൻ കാലാവസ്ഥാ ഏജൻസികളും  വ്യക്തമായി പറഞ്ഞിരുന്നു. അതിതീവ്രമഴയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിട്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചില്ല. ശക്തമായ മഴയുണ്ടായ ശേഷം ഉച്ചയ്ക്ക് ഒരു മണിക്കാണ് മഴ മുന്നറിയിപ്പ് വരുന്നത്. 

2018 -ൽ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് ഞങ്ങൾ. പുഴകളിൽ ഒരടി വെള്ളം ഉയർന്നാൽ എവിടെയൊക്കെ കേറും, രണ്ടടി ഉയർന്നാൽ എവിടെയൊക്കെ പ്രശ്നമാകും എന്ന് ഞങ്ങൾ വിവിധ ഏജൻസികളെ കൊണ്ട് പഠിച്ചു വച്ചിരിക്കുകയാണ്. ഇതൊന്നും സർക്കാർ ചെയ്തതല്ല. സർക്കാർ ഒന്നും ചെയ്തില്ല. പമ്പയോ മീനച്ചിലാറോ ഭാരതപ്പുഴയോ ഏത് നദിയോ ആവട്ടെ  ഒരടി വെള്ളം പൊങ്ങിയാൽ ഏതൊക്കെ പ്രദേശത്തെ ജനങ്ങളെ ബാധിക്കുമെന്ന ബോധ്യം സർക്കാരിനുണ്ടാവണം. മഹാപ്രളയത്തിന് ശേഷം എന്തു പഠനമാണ് നടത്തിയത്.

നെതർലെൻഡ്സിൽ പോയി തിരിച്ചു വന്നിട്ട് റൂം ഫോർ റിവർ എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. എന്നിട്ട് ആ നിലയിൽ എന്ത് നടപടിയാണ് മുഖ്യമന്ത്രി എടുത്തത്. മഴ/പ്രളയ മുന്നറിയിപ്പ് സംവിധാനം ശാസ്ത്രീയമായി പുനസംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്ന് ഞങ്ങൾ പലതവണ ആവശ്യപ്പെട്ടതാണ്. 2018ലും 2019ലും 2021ലും പ്രളയം വരുമ്പോൾ ഇതു തന്നെ ഞങ്ങൾ ആവർത്തിക്കുകയാണ്. നാല് വർഷമായിട്ടും ഒരു പാഠം പഠിച്ചില്ല. ഇതിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ രാജ്യദ്രോഹികളും ദേശദ്രോഹികളുമാവുന്ന അവസ്ഥയാണ്. മോദിയുടെ അതേ ലൈനാണ് ഇവിടെയും. 

രാവിലെ പത്ത് മണിക്ക് കൊക്കയാറിൽ മലയിടിഞ്ഞു. അന്നത്തെ ദിവസം എന്തെങ്കിലും ഒരു രക്ഷാപ്രവർത്തനം അവിടെ നടന്നോ. പിറ്റേ ദിവസം രാവിലെയാണ് അവിടെ രക്ഷാപ്രവർത്തനം നടന്നത്. ജനപ്രതിനിധികൾ അവിടെ എത്തിയിട്ടും ഉദ്യോഗസ്ഥർ ആരും സംഭവസ്ഥലത്ത് എത്തിയില്ല. നമ്മൾ ദുരന്തസ്ഥലത്ത് പോയി നേരിട്ട് ആളുകളോട് സംസാരിച്ചതാണ്. അഞ്ച് കുഞ്ഞുങ്ങളടക്കം ഭൂമിയുടെ അടിയിലായിട്ടും പിറ്റേദിവസമാണ് സർക്കാർ സംവിധാനം അവിടേക്ക് എത്തുന്നത്. ഉരുൾപൊട്ടലുണ്ടായ ശേഷമുള്ള 21 മണിക്കൂറിൽ ഒന്നും ചെയ്യാൻ സർക്കാരിനായില്ല. പിന്നെന്തിനാണ് ഇവിടെയൊരു സർക്കാർ, എന്തു ദുരന്തനിവാരണ സംവിധാനമാണ് ഇവിടെയുള്ളത്. 

പ്രളയത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ പലരും ദുരിതാവസ്ഥയിലായിരുന്നു. ബന്ധുക്കളെല്ലാം മണ്ണിനടിയിലായി അനാഥരായവർക്ക് ആരാണ് ചികിത്സ ഉറപ്പാക്കേണ്ടത്. ജനപ്രതിനിധികളെല്ലാം ദുരന്തബാധിതരുടെ കൂടെയുണ്ടായിരുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങളുണ്ടായില്ല. മന്ത്രിമാരെല്ലാം ദുരിതഭൂമിയിൽ ടൂർ നടത്തിയിട്ട് ഫലമുണ്ടായോ? പ്രതിപക്ഷത്തെ വെറുതെ വിമർശിച്ചിട്ട് കാര്യമില്ല. പല കാര്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാവൂ. ഒക്ടോബർ 12-ാം തീയതിയിലെ കാലാവസ്ഥാ വകുപ്പിൻ്റെ അലർട്ട് മുഖ്യമന്ത്രി പരിശോധിക്കണം വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വളരെ കൃത്യമായി അതിൽ പറയുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നറിയില്ല. 

Follow Us:
Download App:
  • android
  • ios