തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിൽ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച മുസ്ലിം ലീഗിനെ വിമർശിച്ച് വിഡി സതീശൻ രംഗത്ത്. ഇന്ന് ചേർന്ന രാഷ്ട്രീയ കാര്യ സമിതി യോഗത്തിലായിരുന്നു സതീശന്റെ വിമർശനം. വിഷയത്തിൽ ലീഗ് തിടുക്കം കാട്ടിയെന്ന് പറഞ്ഞ അദ്ദേഹം, യുഡിഎഫിൽ ആലോചിക്കുന്നതിന് മുൻപ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ മുസ്ലിം ലീഗിന്റേത് പ്രഖ്യാപിത നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി

സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടിയെ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി ഇന്ന് സ്വാഗതം ചെയ്തിരുന്നു. സാമ്പത്തിക സംവരണം കോൺഗ്രസിന്റെ ദേശീയ നിലപാടാണെന്നും മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും ആശങ്കകൾ പരിഹരിക്കണമെന്നും രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാൻ അടുത്ത മാസം ഏഴിന് പൂർണ ദിവസ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരും. ഇന്ന് ഓൺലൈനായാണ് യോഗം ചേർന്നത്. പിസി ജോർജിനെയും പിസി തോമസിനെയും രാഷ്ട്രീയ പാർട്ടികളായി മുന്നണിയിലേക്ക് എടുക്കേണ്ടെന്ന് യോഗത്തിൽ  നേതാക്കൾ അഭിപ്രായപ്പെട്ടു. ഇരുവരും ഏതെങ്കിലും പാർട്ടിയിൽ ലയിക്കട്ടെയെന്നും അവർ വ്യക്തമാക്കി.

സാമ്പത്തിക സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താൻ യോഗം തീരുമാനിച്ചു. സംവരണത്തിൽ കോൺഗ്രസിന്റേത് പ്രഖ്യാപിത നിലപാട് തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സംവരണത്തിന്റെറെ പേരിൽ സാമുദായിക ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നു. ശബരിമല വിഷയത്തിൽ കിട്ടിയ തിരിച്ചടി സാമ്പത്തിക സംവരണ വിഷയത്തിലും ഇടതുമുന്നണിക്ക് കിട്ടും. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാർ സാമ്പത്തിക സംവരണം തിരക്കിട്ട് നടപ്പാക്കിയത് സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മുന്നോക്ക സംവരണം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.