Asianet News MalayalamAsianet News Malayalam

'രോഗാവസ്ഥ മറികടന്ന് തിരികെ വരുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു' ; അനുസ്മരിച്ച് പ്രതിപക്ഷ നേതാവ്

വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനമെന്ന് സതീശന്‍ പറഞ്ഞു.

vd satheesan condoled the demise of Kanam Rajendran joy
Author
First Published Dec 8, 2023, 6:50 PM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യക്തിപരമായി തനിക്ക് വളരെ അടുത്ത ബന്ധമുണ്ടായിരുന്ന പൊതു പ്രവര്‍ത്തകനായിരുന്നു കാനമെന്ന് സതീശന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. രോഗാവസ്ഥയെ മറികടന്ന് പൊതുരംഗത്ത് ഉടന്‍ സജീവമാകുമെന്ന ആത്മവിശ്വാസം കാനത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷകള്‍ സഫലമായില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സംസ്ഥാന രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ് കാനം രാജേന്ദ്രന്റ വിയോഗമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

'ഏറെക്കാലമായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖമായിരുന്നു കാനം രാജേന്ദ്രന്‍. പത്തൊന്‍പതാം വയസില്‍ യുവജന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃത്വത്തില്‍ എത്തിയതാണ് കാനം. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം. മികച്ച നിയമസഭ പ്രവര്‍ത്തനമായിരുന്നു കാനത്തിന്റേത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും അവ സഭയില്‍ അവതരിപ്പിച്ച് പരിഹാരം ഉണ്ടാക്കുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു.' വെളിയം ഭാര്‍ഗവന്‍, സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ മുന്‍ഗാമികളെ പോലെ നിലപാടുകളില്‍ കാനവും വിട്ടുവീഴ്ച ചെയ്തില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. 


കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാനത്തിന്റെ അന്ത്യം. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. കടുത്ത ഹൃദ്രോഗം കാനത്തിന്റെ ആരോഗ്യാവസ്ഥ വഷളാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. 1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂര്‍ണമായും സംഘടനാരംഗത്തേക്ക് മാറിയ കാനം 2015ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2018ല്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 2022 ഒക്ടോബറില്‍ മൂന്നാംവട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഭാര്യ വനജ. മക്കള്‍ - സ്മിത, സന്ദീപ്.

ആരോഗ്യവാനായി തിരിച്ചുവരുമെന്ന് കരുതി, ഞെട്ടലോടെയാണ് മരണവാര്‍ത്ത കേട്ടത്: എംവി ഗോവിന്ദൻ 

 

Latest Videos
Follow Us:
Download App:
  • android
  • ios