കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വരും മുൻപേ വി ഡി സതീശൻ അനുകൂലികൾ ആഘോഷം തുടങ്ങി. വി ഡിയുടെ ജന്മ ദേശമായ നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച് കഴിഞ്ഞു. ദില്ലിയിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള നിർണായക ചർച്ച പൂർത്തിയായതോടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന ആകാംക്ഷയിലാണ് കേരളം.
ആലുവ: മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ. വി ഡിയുടെ ജന്മ ദേശമായ നെട്ടൂരിൽ ഫ്ലക്സ് പ്രിന്‍റിംഗ് ആരംഭിച്ച് കഴിഞ്ഞു. നെട്ടൂരിന്‍റെ അഭിമാനം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലെക്സിൽ പ്രിന്‍റ് ചെയ്തിട്ടുള്ളത്. നെട്ടൂർ ഐഎൻടിയുസിയുടെ പേരിലാണ് ഫ്ലെക്സ്. ഇതിനിടെ കൊല്ലത്ത് വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകർ നേർച്ചയും നടത്തി. കരുനാഗപ്പള്ളിയിലെ ഷെയ്ഖ് മസ്ജിദിൽ ആണ് നേർച്ച നടത്തിയത്.

അതേസമയം, കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രിയാരെന്നതിൽ തീരുമാനം ഉടനുണ്ടാകും. ദില്ലിയിലെ രാജാജി റോഡിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു. ചര്‍ച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഖർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് പോയി. എന്നാല്‍, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വാര്‍ത്താസമ്മേളനം നിശ്ചയിച്ചിട്ടില്ല. ആകാംക്ഷയുടെ മുൾമുനയിലാണ് കെ സി, വി ഡി, ആർസി ക്യാമ്പുകൾ.
ഏറെ ആകാംക്ഷയോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാത്ത് നിൽക്കുകയാണ് കേരളം. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആരുടെ പേരാവും ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിരവധി പ്രവർത്തകർ വിഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും വീടുകളിൽ തമ്പടിച്ചിട്ടുണ്ട്. രാഹുൽ-ഖർഗെ കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിയെ യോഗ തീരുമാനം അറിയിക്കുമെന്നാണ് വിവരം.


