പറവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആർഎസ്എസിൻ്റെ ദയാദാക്ഷിണത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാർക്കറിയാം.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്ത്. വീരാളിപ്പട്ട് അണിഞ്ഞ് കിടക്കുമെന്ന രാജാപ്പാർട്ട് ഡയലോഗ് പറഞ്ഞ സതീശൻ വർഗീയയതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ അപ്പോസ്തലപ്പട്ടം സ്വയം അണിഞ്ഞ് അഭിനയിച്ചു തകർക്കുകയാണെന്നും അദ്ദേഹത്തെ ഇപ്പോൾ ജനം സഹാനുഭൂതിയോടെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുതു നിൽക്കാൻ പോയ സതീശനെ ആരും മറന്നിട്ടില്ല. പറവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആർഎസ്എസിൻ്റെ ദയാദാക്ഷിണത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാർക്കറിയാം. ആർഎസ്എസ് നേതാവ് ആർ വി ബാബുവും പിന്നീട് ബി.ജെ.പിയുടെ കൃഷ്ണദാസും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അവർക്കെതിരെയൊന്നും സതീശൻ ഈ അഭിനയം കാഴ്ചവച്ചിട്ടില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന് ആണയിട്ട് വർഗീയത പറയുന്ന കെ എം ഷാജിയെ അദ്ദേഹം ചേർത്തു നിർത്തുന്നു. ഇസ്ലാമിക മതരാഷ്ടവാദികളായ ജമാ-അത്തെ ഇസ്ലാമിയാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട സഖ്യകക്ഷി. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ രണ്ട് തവണ നിരോധിച്ച ജമാ-അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് സതീശൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.
എ വിജയരാഘവന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുമിച്ച് കൊണ്ടു നടന്ന രാഷ്ട്രീയ സർക്കസുകാരനായ വി.ഡി. സതീശൻ കഴിഞ്ഞ രണ്ടു ദിവസമായി കാണിച്ചുകൂട്ടുന്ന വിക്രിയകൾ കണ്ടിട്ട് കേരളം ചിരിക്കണോ കരയണോ എന്നറിയാതെ നിൽക്കുകയാണ്.
കാന്തപുരം ഉസ്താദിൻ്റെ നേതൃത്വത്തിൽ നടന്ന കേരള യാത്രയുടെ സമാപന പ്രസംഗത്തിലെ അഭിനയം കണ്ട് ആൾക്കാർ ആർത്തു ചിരിക്കുന്നതിന് ഇടയിലാണ് ഇന്ന് വീരാളിപ്പട്ട് അണിഞ്ഞ് കിടക്കുമെന്ന രാജാപ്പാർട്ട് ഡയലോഗ്! വർഗീയയതയ്ക്കെതിരെയുള്ള പോരാട്ടത്തിൻ്റെ അപ്പോസ്തലപ്പട്ടം സ്വയം അണിഞ്ഞ് അഭിനയിച്ചു തകർക്കുന്ന സതീശനെ സത്യത്തിൽ ജനങ്ങൾ ഇപ്പോൾ സഹാനുഭൂതിയോടെയാണ് നോക്കുന്നത്.
സതീശൻ സ്വയം മറന്നുപോയെങ്കിലും ആരാണ് ഈ സതീശൻ എന്ന് മലയാളികൾക്കറിയാം.
മുസ്ലിങ്ങളും ക്രിസ്ത്യനികളും കമ്മ്യൂണിസ്റ്റുകാരും ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളെന്ന് പറഞ്ഞ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി കുമ്പിട്ട് തൊഴുതു നില്ക്കാൻ പോയ സതീശനെ ആരും മറന്നിട്ടില്ല. പറവൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ആർ എസ് എസിൻ്റെ ദയാദാക്ഷിണത്തിന് കൈനീട്ടുകയും സഹായം പറ്റി ജയിക്കുകയും ചെയ്ത സതീശനെ നാട്ടുകാർക്കറിയാം. ആർ എസ് എസ് നേതാവ് ആർ വി ബാബുവും പിന്നീട് ബി.ജെ.പിയുടെ കൃഷ്ണദാസും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. അവർക്കെതിരെയൊന്നും സതീശൻ ഈ അഭിനയം കാഴ്ചവച്ചിട്ടില്ല.
സമുദായ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാത്ത പത്തരമാറ്റ് മതേതരനാണ് താൻ എന്ന അദ്ദേഹത്തിൻ്റെ പഞ്ച് ഡയലോഗിന് മണിക്കൂറുകളുടെ ആയുസ് പോലും ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് പോലും സഹായം തേടി ഒന്നരമണിക്കൂർ തൻ്റെ ഓഫീസ് വരാന്തയിൽ വന്നിരുന്നു എന്ന് NSS ജനറൽ സെക്രട്ടറി തന്നെ പറഞ്ഞു. കൊച്ചി മേയർ സ്ഥാനം ഒരു സമുദായത്തിന് വിറ്റു എന്ന് പറഞ്ഞത് കോൺഗ്രസുകാർ തന്നെയാണ്.
ഈ പുത്തൻകൂറ്റ് വർഗീയ വിരുദ്ധ പോരാളിയുടെ കൂടെയുള്ളവർ ആരെന്ന് നോക്കണം. “മതമാണ് മതമാണ് മതമാണ് പ്രശ്നം” എന്ന് ആണയിട്ട് വർഗീയത പറയുന്ന കെ എം ഷാജിയെ അദ്ദേഹം ചേർത്തു നിർത്തുന്നു. ഇസ്ലാമിക മതരാഷ്ടവാദികളായ ജമാ-അത്തെ ഇസ്ലാമിയാണ് അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട സഖ്യകക്ഷി. കോൺഗ്രസ് കേന്ദ്രം ഭരിക്കുമ്പോൾ രണ്ട് തവണ നിരോധിച്ച ജമാ-അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളല്ലെന്ന് സതീശൻ ഗുഡ് സർട്ടിഫിക്കറ്റ് നല്കിയിട്ടുണ്ട്.
ഇപ്പൊഴീ നാടക ഡയലോഗുകൾ പറയുന്ന സതീശൻ്റെ വർഗീയ വിരുദ്ധ പ്രവർത്തനങ്ങൾ കാണാൻ പക്ഷേ കേരള ജനതയ്ക്ക് ഇതുവരെ അവസരമൊന്നും വന്നിട്ടില്ല. രാജ്യം ഭരിക്കുന്ന ബി ജെ പി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവർഗീയതയ്ക്ക് എതിരായി സതീശൻ്റെ പോരാട്ടങ്ങൾ ഒന്നും നമ്മൾ കണ്ടിട്ടില്ല.
പ്രവീൺ തൊഗാഡിയ കേരളത്തിൽ വന്ന് വർഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന് അയാൾക്കെതിരെയെടുത്ത കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടി സർക്കാരാണ്. അന്നുമിന്നും സതീശൻ കേരളത്തിലുണ്ട്. ഒന്നും പറഞ്ഞതായി കേട്ടിട്ടില്ല. വർഗ്ഗീയ വിഷം ചീറ്റിയ തൊഗാഡിയയുടെ കേസ് ഒതുക്കി അയാളെ രക്ഷിച്ചത് സതീശൻ നേതാവായ കോൺഗ്രസ് അല്ലേ?.
ബാബറി മസ്ജിദ് പൊളിക്കാൻ സകല ഒത്താശയും ചെയ്തുകൊടുത്ത കോൺഗ്രസിൻ്റെ നേതൃത്വത്തിനെതിരെ ഇതുവരെ സതീശൻ ഒന്നും പറഞ്ഞതായി ആരും കേട്ടിട്ടില്ല. ബാബറി പള്ളി നിന്ന സ്ഥലത്തെ ശിലാന്യാസ സമയത്ത് ശ്രീരാമനെ വാഴ്ത്തിയ രാഹുൽ ഗാന്ധിയും അയോദ്ധ്യയിലെ ഭൂമിപൂജ `ദേശീയ ഐക്യത്തിനാണെ`ന്ന് പറഞ്ഞ പ്രിയങ്കാ ഗാന്ധിയും രാമക്ഷേത്രനിർമ്മാണത്തിനായി വെള്ളി ഇഷ്ടിക കൊടുത്തയയ്ക്കുകയും ഭൂമി പൂജയുടെ ദിവസം മധ്യപ്രദേശിലാകെ ഹനുമാൻ ചാലിസ സംഘടിപ്പിക്കുകയും ചെയ്ത കമൽനാഥും ഒക്കെ കോൺഗ്രസ്സിലല്ലേ? ആ കോൺഗ്രസിൽ നിന്നുതന്നെ അല്ലേ സതീശൻ മതേതരത്വം പ്രസംഗിക്കുന്നത്?
അയോദ്ധ്യയിൽ പ്രതിഷ്ഠാ ചടങ്ങുനടക്കുന്ന വേളയിൽ കർണ്ണാടക സർക്കാരിനു കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജയും പ്രാർത്ഥനയും നടത്താനാണ് കോൺഗ്രസ്സ് സർക്കാർ നിർദ്ദേശം നൽകിയത്. ഹിമാചൽ പ്രദേശിലെ കോൺഗ്രസ്സ് സർക്കാരാകട്ടെ പ്രതിഷ്ഠാദിനത്തിൽ സംസ്ഥാനത്ത് പൊതുഅവധിയും പ്രഖ്യാപിച്ചു. സതീശൻ ഒന്നും പറഞ്ഞ് കണ്ടില്ലല്ലോ?
പറഞ്ഞുവന്നാൽ ഒരുപാട് പറയാനുണ്ട്. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പോലും എന്താണ് സംഭവിച്ചത് എന്ന് ഇപ്പോൾ കേരളീയ പൊതുസമൂഹത്തിൻ്റെ മുന്നിലുണ്ട്. ഒരേസമയം ബിജെപിയുമായും ജമാ-അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ ധാരണ ഉണ്ടാക്കിക്കൊണ്ട് മുന്നോട്ടു പോവുകയായിരുന്നു കോൺഗ്രസ്. അതിൻ്റെ സംവിധായകനായ സതീശൻ കേരളത്തിൽ തുറന്നുകാട്ടപ്പെട്ടതിൻ്റെ വെപ്രാളത്തിൽ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ഈ സ്വയം പൊങ്ങി പ്രസ്താവനകൾ എല്ലാം. അത് നന്നായി മലയാളികൾ മനസിലാക്കുന്നുണ്ട് എന്ന കാര്യം കോൺഗ്രസ് മനസിലാക്കണം.
