Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമായും നിയമപരമായും നേരിടും: വിഡി സതീശൻ

ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങിനെ വന്നാൽ വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടാകും

VD Satheesan on Rahul Gandhi disqualification kgn
Author
First Published Mar 24, 2023, 3:42 PM IST

ദില്ലി: രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം തിടുക്കത്തിലുള്ളതെന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി..

സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രീം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും നിശബ്ദമാക്കാനാകില്ല. ജനാധിപത്യ - മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും. കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ അനുവദിച്ചെങ്കിലും കുറ്റക്കാരൻ എന്ന വിധി കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതാണ് വയനാട് എംപിക്ക് തിരിച്ചടിയായത്. സെഷൻസ് കോടതിയും ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങിനെ വന്നാൽ വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സ്ഥിതിയുണ്ടാകും. 

നേരിട്ട് സുപ്രീംകോടതിയിലെത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്ത് നേതാക്കളെ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കോൺഗ്രസ് ഉൾപ്പടെ 14 പാർട്ടികൾ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നല്കിയതും ഇപ്പോഴത്തെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ്. അടുത്തമാസം അഞ്ചിന് ഈ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. എന്നാൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സമാന നീക്കം കൊണ്ട് ഇപ്പോൾ കാര്യമില്ലെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.  

Follow Us:
Download App:
  • android
  • ios