ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഉദയഗിരിയിലുള്ള പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തും അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയും ശ്രദ്ധേയമാകുന്നു

കണ്ണൂർ: ലോക കത്തെഴുത്ത് ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ ഉദയഗിരിയിലുള്ള പ്രത്യാശ യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രി വി.ഡി. സതീശന് അയച്ച കത്തും അതിന് മുഖ്യമന്ത്രി നൽകിയ സ്നേഹനിർഭരമായ മറുപടിയും ശ്രദ്ധേയമാകുന്നു. കുട്ടികൾ തങ്ങളുടെ സ്കൂളിലെ വിശേഷങ്ങളും ഓണാഘോഷ ഓർമ്മകളും മുഖ്യമന്ത്രിയോട് കത്തിലൂടെ പങ്കുവെച്ചു. "സാറിന്റെ ചിരി കാണാൻ നല്ല രസമാണ്, അത് ഞങ്ങൾക്ക് പ്രചോദനമാണ്" എന്നും "ഭക്ഷണം ഒക്കെ സമയത്തിന് കഴിക്കണം, അസുഖമൊന്നും വരുത്തരുത്" എന്നും കുട്ടികൾ കത്തിൽ ആകുലതയോടെ കുറിച്ചിരുന്നു. കൂടാതെ, തങ്ങളുടെ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ സ്കൂൾ സന്ദർശിച്ചപ്പോൾ ഉണ്ടായ അഭിമാനവും സന്തോഷവും അവർ പങ്കുവെച്ചു. നഗരങ്ങളിലെ സ്കൂളുകളിലേതുപോലെ തങ്ങളുടെ പഠനത്തിനും സ്മാർട്ട് ക്ലാസ് മുറികൾ വേണമെന്ന ആവശ്യവും കുട്ടികൾ കത്തിലൂടെ മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചു.

കുട്ടികളുടെ നിഷ്കളങ്കമായ കത്തിന് വൈകാതെ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി അയച്ചു. "സമയത്ത് ഭക്ഷണം കഴിക്കണം" എന്ന കുട്ടികളുടെ സ്നേഹോപദേശം പ്രത്യേകമായി ഓർക്കുമെന്നും, തിരക്കുകൾക്കിടയിലും കുട്ടികളുടെ ഈ വാക്കുകൾ വലിയ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു. കുട്ടികളുടെ പ്രധാന ആവശ്യമായ സ്മാർട്ട് ക്ലാസ് മുറികളുടെ കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ടെന്നും, അദ്ദേഹം സ്കൂൾ സന്ദർശിച്ച് സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കി.

ലോക കത്തെഴുത്ത് ദിനത്തിൽ ലഭിച്ച ഈ കത്ത് എന്നും ഒരു നല്ല ഓർമ്മയായി സൂക്ഷിച്ചുവെക്കുമെന്നും, കുട്ടികളെ നേരിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ കത്ത് അവസാനിപ്പിച്ചത്.

YouTube video player