'അസോസിയേറ്റ് പ്രഖ്യാപനം വൈകിയതല്ല അൻവറിൻ്റെ പ്രശ്നം. ഷൗക്കത്തിനെ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു അൻവറിൻ്റെ പ്രശ്നം'
മലപ്പുറം : നിലമ്പൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ മറുപടിയുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. വെൽഫെയർ പാർട്ടി പിന്തുണ വേണ്ടെന്ന് പറയേണ്ട ഒരു സാഹചര്യവുമില്ലെന്ന് സതീശൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. പാലക്കാട് നീലപ്പെട്ടി വിവാദം പോലെ പന്നിക്കെണി സിപിഎമ്മിന് തിരിച്ചടിയാകും. അൻവർ വിഷയത്തിലെ തീരുമാനം കൂട്ടായതായിരുന്നു. നിലമ്പൂരിൽ യുഡിഎഫ് ആത്മവിശ്വാസത്തിലാണെന്നും ഫലം നെഗറ്റീവായാൽ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.
ജമാ അത്തെ ഇസ്ളാമി പിന്തുണ
അബ്ദുൾ നാസർ മഅദനി തീവ്രവാദിയാണെന്ന് പറഞ്ഞ് നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചവരാണ് സി പി എം. അവർ പി ഡി പി പിന്തുണ സ്വീകരിക്കുന്നത്. 3 പതിറ്റാണ്ട് ജമാ അത്തെ ഇസ്ളാമി പിന്തുണ നേടിയവരാണ് സിപിഎം. എതിർക്കുന്നവരെ സിപിഎം വർഗീയ വാദികളാക്കുന്നു. വെൽഫെയർ പാർട്ടിയെ ഘടകകക്ഷിയാക്കാനുള്ള ചർച്ച നടത്തിയിട്ടില്ല. ജമാ അത്തെ ഇസ്ളാമി രാഷ്ട്രീയ നിലപാടുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഞങ്ങൾക്ക് അവർ പിന്തുണ നൽകി. അത് ഞങ്ങൾ സ്വീകരിച്ചു. വെൽഫയർ പാർട്ടി പിന്തുണ വേണ്ട എന്ന് പറയണ്ട രാഷ്ട്രീയ സാഹചര്യമില്ല. അതിന്റെ പേരിൽ ഞങ്ങളെ പിന്തുണയ്ക്കുന്ന ആർക്കും ബുദ്ധിമുട്ടില്ല.
നിലമ്പൂരിൽ ടീം വർക്ക്
നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ടീം വർക്കാണ്. ഞാനത് ഏകോപിപ്പിക്കുകയാണ്. മറ്റ് സ്ഥലങ്ങളെക്കാൾ എളുപ്പമാണ് ഇവിടെ പ്രവർത്തനം.നിലമ്പൂരിൽ സംഘടന ശക്തമാണ്. നിലമ്പൂരിൽ സ്ഥാനാർത്ഥിയായി ജോയിയെയും പരിഗണിച്ചിരുന്നു. എല്ലാ ഭാഗവും പരിശോധിച്ച് പല കാരണങ്ങൾ നോക്കിയാണ് സ്ഥാനാർഥിയെ നിശ്ചയിച്ചത്. തീരുമാനം ഒറ്റക്കെട്ടായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് അടിത്തറ വിപുലീകരിക്കും. സിപിഎമ്മിന്റെ പിണറായി 3 പ്രചരണം യുഡിഎഫിന് ഗുണം ചെയ്യും. നിലമ്പൂർ തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണ്. ജയിച്ചാൽ അത് കളക്ടീവ് റെസ്പോൺസബിലിറ്റിയാണ്. നെഗറ്റീവായി എന്തു വന്നാലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. ഞങ്ങളുടെ ഒരു പൊളിറ്റിക്കൽ വോട്ടും നഷ്ടപ്പെടില്ല. നിലമ്പൂരിലും സി പി എം- ബി ജെ പി ബാന്ധവമുണ്ട്. അത് മറികടന്ന് ഞങ്ങൾ ജയിക്കും. ഇതേ ടീം തന്നെ നിയമസഭ തിരഞ്ഞെടുപ്പിലും നയിക്കും.
അൻവർ ഫാക്ടർ
അൻവറിനെ അസോസിയേറ്റ് അംഗമാക്കാൻ ശുപാർശ നൽകിയത് താനും മുസ്ലിം ലീഗ് അധ്യക്ഷൻ പികെ കുഞ്ഞാലിക്കുട്ടിയുമായിരുന്നു. ഏത് സ്ഥാനാർഥിയെയും പിന്തുണയ്ക്കാമെന്ന് അൻവർ തന്നെ അറിയിച്ചു. അൻവറിന്റെ പ്രശ്നം അസോസിയേറ്റ് പ്രഖ്യാപനം വൈകിയതല്ല. ആര്യാടൻ ഷൗക്കത്തിനെ അംഗീകരിക്കാൻ കഴിയാത്തതായിരുന്നു അൻവറിന്റെ പ്രശ്നം. യുഡിഎഫ് എന്ന നിലയിൽ ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാത്ത ആളെ ഞങ്ങളെങ്ങിനെ മുന്നണിയിലെടുക്കും. ആര് സ്ഥാനാർത്ഥിയായാലും പിന്തുണക്കുമെന്ന് അൻവർ രാവിലെ വിളിച്ച് പറഞ്ഞിരുന്നു. വൈകിട്ടാണ് മാറ്റിപ്പറഞ്ഞത്. സ്ഥാനാർത്ഥിയെ പിന്തുണക്കണമെന്ന് യുഡിഎഫ് കൺവീനർ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ സ്ഥാനാർത്ഥിക്കെതിരായ ആരോപണം അദ്ദേഹം ആവർത്തിച്ചു. അതിന് ശേഷം യുഡിഎഫ് യോഗം ചേർന്ന് ആ അധ്യായം അടക്കാമെന്ന് തീരുമാനിച്ചു. അത് പറയാൻ എന്നെ ചുമതലപ്പെടുത്തി. അത് ഞാൻ പറഞ്ഞു. അൻവറുമായി ചർച്ച നടത്തിയത് കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. ഒടുവിൽ അൻവറുമായി മുന്നോട്ടു പോകാനാകില്ലെന്ന് ലീഗും പറഞ്ഞു. വിഷയത്തിൽ ഞാൻ ഒറ്റയ്ക്ക് ഒരു തീരുമാനവും എടുത്തിട്ടില്ല. അൻവറുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച യുഡിഎഫ് നടത്തി. അതിനു ശേഷമാണ് അൻവറുമായി സഹകരണം വേണ്ടെന്ന തീരുമാനമെടുത്തത്. അൻവറുമായി ഒരു സീറ്റ് ചർച്ചയും നടന്നിട്ടില്ല. എന്തിന് രാജിവച്ചു ? എന്നിട്ട് എന്തിന് വീണ്ടും മൽസരിക്കുന്നു. ? ഈ ചോദ്യങ്ങൾ അൻവറിനോട് ചോദിക്കണം.
പാലക്കാട്ടെ നീലപ്പെട്ടി, നിലമ്പൂരിൽ പന്നിക്കെണി
പാലക്കാട്ടെ നീലപ്പെട്ടി പോലെയാണ് നിലമ്പൂരിലെ പന്നിക്കെണിയും. തെരഞ്ഞെടുപ്പിൽ സി പി എം എന്തും ചെയ്യും. വന്യമൃഗ ആക്രമണം ഉണ്ടാകുന്ന എല്ലാ സ്ഥലത്തും പ്രതിഷേധം ഉണ്ടാകും. ഭരണകൂടത്തോടുള്ള പ്രതിഷേധമാണത്. അത് സ്വാഭാവികവുമാണ്. ആരോപണം തിരിഞ്ഞടിച്ചു എന്ന് മനസിലായപ്പോഴാണ് പന്നിക്കെണി വിവാദത്തിലെ പ്രസ്താവന വനം മന്ത്രി തിരുത്തിയത്. പട്ടിൽ പൊതിഞ്ഞ ഒരു ശകാരമെങ്കിലും മുഖ്യമന്ത്രി സിപിഎം പാർട്ടി സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന് നൽകണം.
കെ സുധാകരനെ മാറ്റിയത്...
എ ഐ സി സി നേതൃത്വമാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റിയത്. അതിന്റെ കാരണങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ പ്രവർത്തക സമിതിയിലേക്ക് ഉയർത്തുകയാണ് ചെയ്തത്. അത് അടഞ്ഞ അധ്യായമാണ്.