പുതിയ കാർ വാങ്ങില്ലെന്നും സുരക്ഷാ വാഹനങ്ങൾ കുറയ്ക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയതായും മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: കറുത്ത കാറിൽ യാത്ര ചെയ്യില്ലെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മാധ്യമങ്ങളോട് ചോദ്യവുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. എന്താ കറുത്ത കാറിന് കുഴപ്പം. ഈ സഹചര്യത്തിൽ പുതിയ കാർ വാങ്ങിയാൽ അത് തെറ്റായ സന്ദേശം നൽകും. ഏത് വണ്ടിയാണോ ലഭ്യം അത് ഉപയോഗിക്കും. പുതിയ കാര്‍ വാങ്ങിയാൽ ആരും ഒന്നും പറയില്ല. പക്ഷേ അത് തെറ്റായ സന്ദേശമാകും. 10,000 കിലോ മീറ്റോറോ ഒരു ലക്ഷം കിലോ മീറ്ററോ ഓടിയ വണ്ടിയാണേലും അത് സ്വീകരിക്കും. ഭയങ്കര ലാളിത്യമുള്ളയാളാണെന്ന് അവകാശപ്പെടുന്നില്ല. ഫുൾ കോൺവോ ഉണ്ടാവില്ല. എസ്കോർട്ട് വേണ്ടെന്ന് പറഞ്ഞിട്ട് പൊലീസ് സമ്മതിച്ചില്ല. മൂന്ന് വണ്ടികൾ കൂടുതല്‍ വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. മുമ്പ് കൂടുതൽ വാഹനങ്ങൾ ഉപയോഗിച്ചവരെ തെറ്റ് പറയില്ല. മുഖ്യമന്ത്രിയുടെ സുരക്ഷ കേന്ദ്രമടക്കം നോക്കുന്നതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്ഭവനിലെത്തി പട്ടിക ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എ തുളസി, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, മോൻസ് ജോസഫ്, കെ എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, അബ്ദുൾ ഗഫൂർ, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എം ലിജു തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും വി ഡി സതീശൻ അറിയിച്ചു. കേരള കോൺഗ്രസിൽ നിന്നുമാണ് ചിഫ് വിപ്പ് ഉള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.

കോൺഗ്രസ്സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ എടുത്തപ്പെട്ട തീരുമാനമാണ് മന്ത്രിപ്പട്ടിക തയാറാക്കിയതെന്നും അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. വമ്പൻ സർപ്രൈസുകളായാണ് കൽപ്പറ്റ എം എൽഎ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷും അങ്കമാലി എംഎൽഎ റോജി എം ജോണും മന്ത്രി പട്ടികയിലേക്കെത്തിയത്.