രാജേഷിനരികില്‍ അമൃത ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ രക്ഷിക്കാമായിരുന്നു. ജീവിതകാലം മുഴുവന്‍ ആ നൊമ്പരം അമൃതയുടെയും കുടുംബാംഗങ്ങളുടെയും മനസിലുണ്ടാകും. ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. 

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന്‍റെ ഭാര്യ അമൃതയ്ക്കും കുടുംബത്തിനുമുണ്ടായ നഷ്ടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിമാന കമ്പനിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും വിഡി സതീശൻ പറ‍ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

'രാജേഷിനരികില്‍ അമൃത ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ രക്ഷിക്കാമായിരുന്നു. ജീവിതകാലം മുഴുവന്‍ ആ നൊമ്പരം അമൃതയുടെയും കുടുംബാംഗങ്ങളുടെയും മനസിലുണ്ടാകും. ഉത്തരവാദിത്തത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല. ജീവിതത്തിലെ അത്രമാത്രം നിര്‍ണായകമായ ഒരു യാത്രയാണ് അമൃതയ്ക്ക് പൂര്‍ത്തീകരിക്കാനാകാതെ പോയത്. സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങിയ ഒരു യാത്രക്കാരി മാത്രമാകരുത് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് അമൃത. അമൃതയെ പോലെ എത്രയോ പേരുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍, കൃത്യ സമയത്ത് ജോലിക്ക് കയറാന്‍ കഴിയാത്തവര്‍. സ്വപ്‌നങ്ങള്‍ തകര്‍ന്നു പോയവരുടെ വേദനയ്‌ക്കൊപ്പമാകണം നമ്മള്‍. വിമാന കമ്പനിയുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം'- വിഡി സതീശൻ പറഞ്ഞു.

അതേസമയം, നമ്പി രാജേഷിന്‍റെ മൃതദേഹവുമായി തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നില്‍ ബന്ധുക്കള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. എസ് എച്ച്ഒ സുധീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംസ്കാര ചടങ്ങുകള്‍ക്കുശേഷം എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. അതിവൈകാരിക രംഗങ്ങളാണ് വീട്ടിലുണ്ടായത്. രാജേഷിന്‍റെ ഭാര്യ അമൃതയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു. 

ഇന്ന് രാവിലെ ആണ് നമ്പി രാജേഷിന്‍റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ നേരെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിലെത്തിക്കുകയായിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരായ പ്രതിഷേധം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റസ് ഓഫീസിന് മുന്നില്‍ നടത്തികൊണ്ടാണ് നമ്പി രാജേഷിന്‍റെ ബന്ധുക്കള്‍ നീതി തേടുന്നത്. പ്രതിഷേധമറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നു.

ഇക്കഴിഞ്ഞ ഏഴിനായിരുന്നു രാജേഷിനെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാൻ ഭാര്യ അമൃത വിമാനടിക്കറ്റെടുത്തെങ്കിലും എയർ ഇന്ത്യാ എക്സ്പ്രസ് വിമാന ജീവനക്കാരുടെ സമരത്തെ തുടർന്ന് യാത്ര മുടങ്ങിയിരുന്നു.വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയിൽ 13ന് രാവിലെയാണ് രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചത്. കരമന സ്വദേശിയാണ് രാജേഷ്. പ്രതിഷേധത്തിനു ശേഷമായിരിക്കും മറ്റു ചടങ്ങുകള്‍ നടക്കുക. കരമനയിലെ വീട്ടിൽ പൊതുദ‍ര്‍ശനത്തിന് വെക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 ന് ശാന്തികവാടത്തിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 

എയര്‍ ഇന്ത്യ എക്സ്പ്രസ് ഉത്തരം പറയണമെന്നും നീതി കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നില്‍ മൃതദേഹം വെച്ചുകൊണ്ടാണ് രാജേഷിന്‍റെ ഭാര്യ അമൃതയുടെ അച്ഛൻ രവി ഉള്‍പ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. എയർ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉത്തരം കിട്ടാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും രവി പറഞ്ഞിരുന്നു. കുടുംബത്തിന് മറ്റു വരുമാനമൊന്നുമില്ലെന്നും നീതി കിട്ടിയെ തീരുവെന്നും അച്ഛൻ രവി പറഞ്ഞു.

സത്യം ജയിക്കും, പോരാട്ടം തുടരുമെന്ന് പ്രബീര്‍ പുരകായസ്‌ത, സുപ്രീം കോടതി വിധിക്ക് പിന്നാലെ ജയിൽ മോചിതനായി

https://www.youtube.com/watch?v=Ko18SgceYX8