കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാരിന്റെ ശ്രമമെന്നും ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്നും വിഡി സതീശൻ.
കൽപ്പറ്റ: ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലിൽ ആണ്. കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാരിന്റെ ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു. അയ്യപ്പൻ്റെ സ്വർണം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തതെന്ന് ചോദിച്ച അദ്ദേഹം കേരളത്തെ അതിദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപനം നടത്തിയത് വെറും പി ആർ സ്റ്റണ്ടാണെന്നും പറഞ്ഞു.
അതേസമയം, ദില്ലിയിൽ പോയി മോദിയുടെയും അമിത്ഷായുടെയും മുമ്പിൽ കുനിഞ്ഞ് നിൽക്കുകയാണ് പിണറായി വിജയന്റെ പ്രധാന പരിപാടിയെന്നും വിഡി സതീശൻ പറഞ്ഞു. എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടെ ഒപ്പിടും. ബിജെപിയെ ഭയന്നാണ് സിപിഎം ഭരിക്കുന്നത്. പണ്ടും പല പാലവും ഉണ്ടായിരുന്നു. ബ്രിട്ടാസ് പുതിയ പാലമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജമാഅത്ത് ഇസ്ലാമിയുമായി എൽഡിഎഫിന് നേരിട്ട് ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി വിജയൻ ഹിര സെൻ്ററിൽ പോയി ജമാഅത്ത് നേതാക്കളെ കണ്ടു. അതിൻ്റെ ഫോട്ടോ അടക്കം പുറത്തുവന്നിട്ടുണ്ട്. അമീറിൻ്റെ കൂടെ പിണറായി ഇരിക്കുന്ന ഫോട്ടോ ആണ് അതെന്നും അല്ലാതെ സോളിഡാരിറ്റി പിള്ളേരല്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.


