പി.സി.ജോർജിന് എന്തു പ്രസക്തിയാണ് ഈ കേസില്‍ ഉള്ളത് . കേന്ദ്ര ഏജൻസികൾ സർക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്.  കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ല. കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.   

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്‍റെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരിഭ്രാന്തിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സർക്കാരിനെതിരെയുള്ളത് ഗൗരവമുള്ള ആരോപണമാണ്. കേന്ദ്ര ഏജൻസികൾ എന്തു ചെയ്യുന്നുവെന്ന് ജനം ഉറ്റുനോക്കുകയാണെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.

കോടതിയുടെ വരാന്തയിൽ നിൽക്കാത്ത കേസാണ് സ്വപ്നക്കെതിരെ യെടുത്തിട്ടുള്ളത്. ഇനി ഒരാളും പരാതി നൽകാതിരിക്കാൻ ബോധപൂർവ്വമായ നീക്കമാണ് നടക്കുന്നത്. സ്വപ്നയുടെ മൊഴിയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുകയാണ്. കേരളം വെള്ളരിക്കാ പട്ടണമല്ല. ഇതിന്‍റെ പകുതി ശുഷ്കാന്തി വാളയാര്‍ കേസിലും അട്ടപ്പാടി മധു കേസിലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല. 

കേസിന്‍റെ കാര്യത്തില്‍ നടത്തിയ ഒത്തുതീർപ്പിന് കേരളത്തിലെ ബിജെപി നേതാക്കളും മറുപടി പറയണം. കാലം കണക്ക് ചോദിക്കുന്ന പ്രകൃതി നിയമമാണ് ഇവിടെ നടക്കുന്നത്. 

സര്‍ക്കാരിനെതിരായ പ്രതിഷേധം യു.ഡി.എഫ് കടുപ്പിക്കും. പി.സി.ജോർജിന് എന്തു പ്രസക്തിയാണ് ഈ കേസില്‍ ഉള്ളത് . കേന്ദ്ര ഏജൻസികൾ സർക്കാരിനെ സഹായിക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികളിൽ വിശ്വാസമില്ല. കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Read Also: ജലീലിന്റെ പരാതി : ക്രൈംബ്രാ‍ഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

അതേസമയം, കേരളത്തിൽ ഈദി അമീന്റെ ഭരണമാണോ എന്ന് ചോദിച്ച് രമേശ് ചെന്നിത്തലയും സര്‍ക്കാരിനെതിരെ രൂക്ഷവിമര‍്‍ശനം ഉന്നയിച്ചിരുന്നു. പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയതിന്റെ‍ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ടുപോകാൻ എന്തധികാരം. ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല. പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. 

സർക്കാർ നടത്തുന്നത് കോടതിയലക്ഷ്യമാണ്. സര്‍ക്കാര്‍ കോടതിയെ അപമാനിക്കുകയാണ്. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയും മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടതാണ്. ആരോപണ വിധേയനായ ഷാജ് കിരൺ ജയ്ഹിന്ദിൽ ഉണ്ടായിരുന്നോ എന്നറിയില്ല. അയാൾ പോയത് മുഖ്യമന്ത്രിക്ക് വേണ്ടിയാണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്തു കേസില്‍ പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് രഹസ്യമൊഴി നല്കിയതിനു പിന്നാലെ സ്വപ്നയുടെ സഹായിയും കേസിലെ പ്രതിയുമായ സരിതിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

Read Also: സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി