കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്നും ഏത് നേതാവ് ഏത് സംഘടനയോട് ബന്ധമുണ്ടാക്കിയാലും സന്തോഷമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫിനെ തിരികെ കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. അത് ഭംഗിയായി ചെയ്യുന്നുണ്ട്. ഇതിന് മുൻപ് ശശി തരൂരിനെയും കെ മുരളീധരനെയും എൻഎസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തിൽ താൻ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളിൽ താൻ ഇന്നലെയും പങ്കെടുത്തു. സമൂഹത്തിലെ ആരുമായും ഏത് കോൺഗ്രസ് നേതാവ് ബന്ധം സ്ഥാപിച്ചാലും തനിക്ക് സന്തോഷമാണ്. കോൺഗ്രസ് ഒരു സമുദായത്തെയും മാറ്റിനിർത്തില്ല. ഇന്ത്യയിലെ മതേതരത്വം മതനിരാസമല്ല. അമിതമായി രാഷ്ട്രീയ കാര്യങ്ങളിൽ മതസംഘടനകൾ ഇടപെടരുതെന്ന് പറഞ്ഞത് സാമുദായിക വിരുദ്ധ നിലപാടല്ലെന്നും വിഡി സതീശൻ വിശദീകരിച്ചു.
കട്ടപ്പനയിൽ നിക്ഷേപിച്ച പണം തിരികെ കൊടുക്കാതെ ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് സിപിഎം അധപതിച്ചതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് സഹകരണ ബാങ്കുകൾ കോൺഗ്രസിൽ നിന്ന് സിപിഎം പിടിച്ചെടുക്കുകയാണ്. പത്തനംതിട്ടയിൽ മാത്രം 21 ബാങ്കുകൾ പിടിച്ചെടുത്തു. അതിൽ പലതും പ്രതിസന്ധിയിലാണ്. ആ ബാങ്കുകളിൽ നിന്ന് ഞങ്ങൾ നിർദ്ദേശം നൽകിയാൽ 24 മണിക്കൂറിൽ പണം പിൻവലിക്കപ്പെടും. സംസ്ഥാനത്ത് സിപിഎം സഹകരണ ബാങ്കുകളെ തകർക്കാൻ നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

