രാഹുൽ ഗാന്ധിക്കെതിരായ വിമർശനം നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി അവരുടെ മുന്നിൽ നിൽക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമല കൊടിമര നിർമ്മാണ ക്രമക്കേട് കേസ് ഭരണപക്ഷത്തിന്റെ ഗൂഢാലോചനയാണെന്നും സതീശൻ കൂട്ടിച്ചേർത്തു

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരായ വിമർശനങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഗുഡ് ബുക്കിൽ കയറാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിക്കുന്നതെന്നും സതീശൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയും അമിത് ഷായും പറഞ്ഞാൽ പിണറായി വിജയൻ ഏത് കടലാസിലും ഒപ്പിടും. 90 ഡിഗ്രി കുനിഞ്ഞാണ് മുഖ്യമന്ത്രി, മോദിയുടെയും ഷായുടെയും മുന്നിൽ നിൽക്കുന്നതെന്നും സതീശൻ പരിഹസിച്ചു. അതേസമയം കേരളത്തിൽ ബി ജെ പിയുമായി സി പി എമ്മിന് തെരഞ്ഞെടുപ്പ് ഡീൽ ഉണ്ടെന്ന ആരോപണത്തിലാണ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് ഇന്ന് മുഖ്യമന്ത്രി രംഗത്തെത്തിയത്. രാഹുൽ ഒരു അഖിലേന്ത്യ നേതാവ് ആണെങ്കിലും ഒരു പ്രാദേശിക നേതാവിന്‍റെ ധാരണ പോലും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. കണ്ടാലും കൊണ്ടാലും പഠിക്കില്ല. ഒരു ആരോപണവും നേരെ ചൊവ്വെ മനസ്സിലാക്കില്ല. എത്ര മാത്രം അധഃപതനമാണ് അദ്ദേഹത്തിന് ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

കൊടിമര നിർമ്മാണ ക്രമക്കേട് കേസിൽ ഒന്നുമില്ല

അതിനിടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കൊടിമര പുനർ നിർമ്മാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചതിനും സതീശൻ പ്രതികരിച്ചു. സ്വർണ്ണക്കൊള്ളയുടെ ഗൗരവം കുറയ്ക്കാൻ ഭരണപക്ഷം കൊണ്ടു വന്ന ആരോപണമായിരുന്നു കൊടിമര നിർമ്മാണ ക്രമക്കേട് കേസെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഞങ്ങൾ മാത്രമല്ല മറ്റവരും കട്ടെന്ന് വരുത്താനാണ് നോക്കിയത്. ആ പരിശ്രമം പാളിപ്പോയി. കൊടിമര നിർമ്മാണ ക്രമക്കേട് ആരോപണം മാത്രമാണെന്നും അതിൽ കൂടുതൽ ഒന്നും നടന്നിട്ടില്ലെന്ന് ഇപ്പോൾ കോടതി തന്നെ പറഞ്ഞിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി യു പ്രതിഭക്കെതിരായ ഇർഷാദ് ചക്കാലശ്ശേരിയുടെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവനയിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ഒരിക്കലും ഒരു രാഷ്ട്രീയ നേതാവ് നടത്താൻ പാടില്ലാത്ത അധിക്ഷേപ പരാമർശം ആണ് കായംകുളത്ത് ഉണ്ടായത്. സംഭവം ഉണ്ടായി മണിക്കൂറുകൾക്കകം അയാളെ പുറത്താക്കി. നടപടി സ്വീകരിച്ച ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും സതീശൻ വ്യക്തമാക്കി. യു ഡി എഫിൽ ഒരാളും ആ പരാമർശത്തെ പിന്തുണക്കുന്നില്ല. പക്ഷേ രമ്യ ഹരിദാസിന് എതിരെ പരാമർശം നടത്തിയ വിജയരാഘവന് എതിരെ സി പി എം എന്ത് നടപടിയെടുത്തു എന്നും സതീശൻ ചോദിച്ചു. വീണ എസ് നായർക്കെതിരെ പരാമർശം നടത്തിയതിൽ എന്ത് നടപടിയെടുത്തു. ഉമ്മൻ ചാണ്ടിയുടെ മകളെ കുറിച്ച് പോലും മോശം പരാമർശം സി പി എം നടത്തി. സിപിഎം നേതാക്കൾക്ക് ആരെയും എന്തും പറയാം. ഒരു നടപടിയും എടുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

YouTube video player