മാർക്കറ്റിങ്, ഡിസൈനിങ് വിഭാഗത്തിലെ രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കാസർകോട്: ഐശ്വര്യ കേരള യാത്രയ്ക്ക് വീക്ഷണം ദിനപ്പത്രത്തിൽ ആശംസയ്ക്ക് പകരം ആദരാഞ്ജലികൾ എന്ന് അച്ചടിച്ചുവന്ന സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടി. വീക്ഷണം കാസർകോട് ബ്യൂറോയിലെ രണ്ടുപേർക്കെതിരെയാണ് അച്ചടക്ക നടപടി. മാർക്കറ്റിങ്, ഡിസൈനിങ് വിഭാഗത്തിലെ രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

വീക്ഷണത്തിലെ ആദരാഞ്ജലി പ്രയോഗത്തില്‍ അതൃപ്‍തിയില്ലെന്നാണ് സംഭവം വിവാദമായതിന് ശേഷം രമേശ് ചെന്നിത്തല പ്രതികരിച്ചത്. സബ്എഡിറ്ററുടെ പിഴവ് മാത്രമാണ് സംഭവിച്ചതെന്നും ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദാരാഞ്ജലികൾ എന്ന് അച്ചടിച്ച പത്രം കണ്ടതിന് പിന്നാലെ കാസർകോട് നിന്നും ചെന്നിത്തല വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. പരിശോധിക്കാൻ കെപിസിസിയോടും ആവശ്യപ്പെട്ടിരുന്നു.

പിടി തോമസ് ഒഴിഞ്ഞശേഷം വീക്ഷണം എംഡി സ്ഥാനം കെവി തോമസിന് നൽകിയെങ്കിലും അദ്ദേഹം ഏറ്റെടുക്കാത്തതിനെ തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫിനാണിപ്പോൾ ചുമതല. പുറത്തുള്ളൊരു ഏജൻസിയാണ് യാത്രക്ക് പിന്തുണ നൽകിക്കൊണ്ടുള്ള അവസാന പേജ് തയ്യാറാക്കിയത്. പക്ഷെ പ്രൂഫ് പരിശോധിക്കേണ്ടവർക്കടക്കം പാളിച്ചയുണ്ടായെന്ന് ജെയ്സൺ സമ്മതിച്ചു. വീക്ഷണം പ്രതിനിധികളോട് വിശദീകരണം തേടിയെന്നും എംഡി അറിയിച്ചു.