കൊവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച്ചയ്ക്കുള്ളിൽ കൊവിഡ് (Covid) കേസുകളിൽ നല്ല തോതിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ കൊവിഡ് കേസുകളുടെ പ്രതിവാര വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതും ആശ്വാസമാണ്. അതേസമയം, കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് ഏകോപനമില്ലെന്ന വിമർശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി.

മൂന്നാം തരംഗ ആശങ്കയ്ക്ക് തുടക്കമിട്ട തിരുവനന്തപുരത്ത് കുതിച്ച് മുകളിലേക്കെത്തിയ കേസുകൾ കുറഞ്ഞ് തുടങ്ങി. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും കുറയുന്നു. തിരുവനന്തപുരം പാരമ്യഘട്ടം പിന്നിട്ടെന്ന അനുമാനത്തിലാണ് ആരോഗ്യവകുപ്പ്. രണ്ടാഴ്ച്ചക്കുള്ളിൽ സംസ്ഥാനമാകെ പീക്കിലെത്തും. മൂന്നാഴ്ച്ചക്കുള്ളിൽ കുറയാൻ തുടങ്ങും. അതേസമയം മരണനിരക്ക് ഇപ്പോഴും ആശങ്കയാണ്. ഇന്നലെ 8 മരണമെന്നാണ് സർക്കാർ കണക്കെങ്കിലും, തൊട്ടുമുൻപത്തെ 86 മരണങ്ങൾ കൂടി പിന്നിട് ചേർത്തതോടെ യഥാർത്ഥ കണക്ക് 94 ആണ്. അപ്പീൽ പ്രകാരമുള്ള 311 മരണം വേറെയുമുണ്ട്. ഇതിനിടയിലാണ് സർക്കാരിനെ ഏകോപനമില്ലായ്മയും മുഖ്യമന്ത്രിയുടെ അസാന്നിധ്യവും ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

എറണാകുളത്തെയും, ചികിത്സാ സൗകര്യങ്ങൾ കുറഞ്ഞ ജില്ലകളിലെയും പാരമ്യഘട്ടത്തിൽ എന്ത് സംഭവിക്കുമെന്നതാണ് പ്രധാനവും വെല്ലുവിളിയും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നതും താഴേേത്തട്ടിലെ ഏകോപനവുമാണ് വെല്ലുവിളിയാവുക. നാളെ അവലോകന യോഗം ചേർന്ന ശേഷമാകും കൂടുതൽ തീരുമാനങ്ങൾ. ഉടനെ വലിയ ഇളവിനോ, കൂടുതൽ നിയന്ത്രണങ്ങൾക്കോ സാധ്യതയില്ലെന്നാണ് വിവരം.

അതേസമയം, ഞായറാഴ്ച നിയന്ത്രണം തുടരുകയാണ്. നിലവിലെ തീവ്ര കൊവിഡ് വ്യാപനം കണക്കിലെടുത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടം കൾശനമായി നിയന്ത്രിക്കും. പൊലീസ് പരിശോധന അർദ്ധരാത്രി വരെ തുടരും. അവശ്യയാത്രകള്‍ മാത്രമേ അനുവദിക്കൂ. യാത്ര ചെയ്യുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം. പഴം, പച്ചക്കറി, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും ഇരുന്ന് കഴിക്കാനാകില്ല. പാര്‍സലും ഹോം ഡെലിവറിയും അനുവദിക്കും. ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് നിയന്ത്രണം ബാധകമല്ല. മൂന്‍കൂട്ടി ബുക്ക് ചെയ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നവരെ തടയില്ല. മാളുകളും തിയേറ്ററുകളും പ്രവർത്തിക്കില്ല.

അവലോകന യോഗം നാളെ

സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നത് അടക്കം യോ​ഗത്തിൽ ചർച്ചയാകും. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കാര്യങ്ങൾ നീങ്ങുമോയെന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്.