നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും വാങ്ങാന്‍ പോലും പ്രയാസമാണെന്ന് അംഗണവാടി ജീവനക്കാര്‍

കോഴിക്കോട്: അംഗണവാടികളില്‍ ബിരിയാണി നല്‍കുമെന്ന് രണ്ട് മാസം മുമ്പ് ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പിലായില്ല. നിലവിലെ മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികളും പൊടികളും മറ്റും വാങ്ങാന്‍ പോലും അംഗണവാടി ജീവനക്കാര്‍ പ്രയാസപ്പെടുകയാണ്.

അംഗണവാടി മെനുവില്‍ ബിരിയാണി കൂടി ഉള്‍പ്പെടുത്തുമെന്ന കഴിഞ്ഞ ജൂണ്‍ അ‌ഞ്ചിന് പ്രവേശനോല്‍സവ ദിവസത്തിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് എല്ലാവരും സ്വീകരിച്ചത്. സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയാണ് പ്രവേശനോല്‍സവ ദിവസം ബിരിയാണി നല്‍കിയതെന്ന് ചില അധ്യാപകര്‍ പറയുന്നു. പിന്നീട് ബിരിയാണി കൊടുക്കാനുള്ള നിര്‍ദേശമോ ഫണ്ടോ ലഭിച്ചില്ല.

'റേഷനരി കൊണ്ട് ബിരിയാണി കൊടുക്കാനാണ് അന്ന് പറഞ്ഞത്. ബിരിയാണിക്ക് എന്തൊക്കെ സാധനങ്ങൾ വേണം. അരി പുഴുങ്ങിക്കൊടുക്കുന്നതാണോ ബിരിയാണി'- അധ്യാപിക ചന്ദ്രിക ചോദിക്കുന്നു.

ധാന്യങ്ങള്‍ അതത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ അംഗണവാടികളിലേക്ക് നേരിട്ടെത്തിക്കുമെങ്കിലും നാളീകേരം, പച്ചക്കറി, മറ്റ് പൊടികള്‍ എന്നിവ ജീവനക്കാര്‍ പുറത്തു നിന്നും വാങ്ങുന്നതാണ് രീതി. ഇതിന് ദിവസം ഒരു കുട്ടിക്ക് അഞ്ചു രൂപയാണ് നീക്കിവെക്കുന്നത്. എന്നാല്‍ നിലവിലെ മെനു പ്രകാരം പോലും അപര്യാപ്തമെന്ന് മാത്രമല്ല മൂന്നു മാസം കഴിഞ്ഞു മാത്രമേ ലഭിക്കാറുള്ളൂവെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

YouTube video player

തുച്ഛമായ ഓണറേറിയം കൈപ്പറ്റുന്ന അധ്യാപകരും ജീവനക്കാരും തങ്ങളുടെ പ്രയാസങ്ങള്‍ നിരന്തരം ചൂണ്ടിക്കാട്ടുമ്പോഴാണ് രണ്ട് മാസം മുമ്പ് ബിരിയാണി ഉള്‍പ്പെടെ ആഴ്ചയില്‍ അഞ്ചു ദിവസവും വൈവിധ്യവും പോഷക സമൃദ്ധവുമാര്‍ന്ന വിഭവങ്ങളടങ്ങിയ പരിഷ്കരിച്ച മെനു വകുപ്പ് മന്ത്രി പ്രഖ്യാപിച്ചത്. ഓരോ ജില്ലകളില്‍ നിന്നും ഉദ്യോഗസ്ഥരെയും മറ്റും വിളിച്ച് ചേര്‍ത്ത് പുതി മെനു പ്രകാരമുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിനുള്ള സംസ്ഥാനതല പരിശീലനവും ആരംഭിച്ചു. എന്നാല്‍ ഇതിനുള്ള സാധനങ്ങളും ഫണ്ടും എങ്ങനെ ലഭിക്കുമെന്ന അങ്കണവാടി ജീവനക്കാരുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയില്ല. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വഴിയാണ് അംഗണവാടി ഭക്ഷണങ്ങള്‍ക്ക് തുക മാറ്റിവെക്കുന്നത്. സാമ്പത്തിക ഞെരുക്കമുള്ള പല തദ്ദേശ സ്ഥാപനങ്ങളും നിലവില്‍ ഇതിന് ബുദ്ധിമുട്ടും നേരിടുന്നുണ്ട്.

YouTube video player