Asianet News MalayalamAsianet News Malayalam

ശബരിമല: ഇത്തവണ ചികിത്സ നൽകിയത് രണ്ടര ലക്ഷം പേർക്ക്, പാമ്പ് കടിയേറ്റത് 18 പേർക്ക്

ഹൃദയസംബന്ധ പ്രശ്‌നങ്ങളുള്ള 13,161 പേര്‍ക്കും ശ്വാസകോശ സംബന്ധ പ്രശ്‌നങ്ങളുള്ള 81,715 പേര്‍ക്കും റോഡപകടങ്ങളിലൂടെ പരുക്കേറ്റ 295 പേര്‍ക്കും ചികിത്സ നല്‍കി.

veena george says about treatment given to ayyappa devotees at sabarimala joy
Author
First Published Jan 23, 2024, 1:16 AM IST

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് 2,43,413 പേര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 7,278 പേര്‍ക്ക് ഒബ്‌സര്‍ബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്. നെഞ്ചുവേദനയായി വന്ന 231 പേര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ള 13,161 പേര്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ള 81,715 പേര്‍ക്കും റോഡപകടങ്ങളിലൂടെ പരുക്കേറ്റ 295 പേര്‍ക്കും പാമ്പു കടിയേറ്റ 18 പേര്‍ക്കുമാണ് പ്രധാനമായും ചികിത്സ നല്‍കിയതെന്ന് മന്ത്രി അറിയിച്ചു.

1546 പേരെ മറ്റ് ആശുപത്രികളിലെത്തിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി. ഹൈക്കോടതിയുടെ അനുമതിയെ തുടര്‍ന്ന് ഇത്തവണ സന്നിധാനം വരെ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്‌പെഷ്യല്‍ റെസ്‌ക്യൂ വാന്‍ അനുവദിച്ചിരുന്നു. ഈ സ്‌പെഷ്യല്‍ റെസ്‌ക്യൂ വാന്‍ വഴി 150 പേര്‍ക്ക് അടിയന്തര സേവനം നല്‍കിയതായും മന്ത്രി പറഞ്ഞു. മാതൃകാപരമായ സേവനം നല്‍കിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാനായി വിപുലമായ സേവനങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്നതിനാല്‍ മികച്ച ചികിത്സാ സേവനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട്, നീലിമല, അപ്പാച്ചിമോട് എന്നീ സ്ഥലങ്ങളില്‍ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിച്ചു. എല്ലാ ആശുപത്രികളിലും ഡിഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, കാര്‍ഡിയാക് മോണിറ്റര്‍ സംവിധാനമുറപ്പാക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും പൂര്‍ണ സജ്ജമായ ലാബ് സൗകര്യമൊരുക്കി.' പമ്പയിലും സന്നിധാനത്തും ഓപ്പറേഷന്‍ തീയറ്ററുകളും എക്‌സ്‌റേ സൗകര്യവും സജ്ജമാക്കിയിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. 

'അടൂര്‍ ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, തിരുവല്ല ജില്ലാ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി പെരിനാട് സാമൂഹികാരോഗ്യ കേന്ദ്രം, കോന്നി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ശബരിമല പ്രത്യേക വാര്‍ഡ് സജ്ജാക്കിയിരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തിച്ചു. ഇതുകൂടാതെ എരുമേലി, കോഴഞ്ചേരി, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍, കുമളി, ചെങ്ങന്നൂര്‍ തുടങ്ങി 15 ഓളം ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 15 സ്ഥലങ്ങളിലും കാനന പാതയില്‍ നാല് സ്ഥലങ്ങളിലും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവ സ്ഥാപിച്ചിരുന്നു. ആയുഷ് വിഭാഗത്തിന്റെ സേവനവും ഉറപ്പാക്കി'. -ആരോഗ്യവകുപ്പ് അറിയിച്ചു. 

'പമ്പയിലും നിലയ്ക്കലും എരുമേലിയിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമൊക്കെ ആരോഗ്യ വകുപ്പിന്റെ ആംബുലന്‍സുകള്‍ സജ്ജമാക്കി 470 തീര്‍ത്ഥാടകര്‍ക്ക് സേവനം ലഭ്യമാക്കിയിരുന്നു. കനിവ് 108 ആംബുലന്‍സുകള്‍ വഴി 363 തീര്‍ത്ഥാടകര്‍ക്കാണ് സേവനമെത്തിച്ചത്. ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന റെസ്‌ക്യു വാന്‍, പമ്പയില്‍ വിന്യസിച്ച ഐ.സി.യു ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയടങ്ങുന്ന റാപിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് വാഹനങ്ങളും ഏഴ് കനിവ് 108 ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു.' 31 പേര്‍ക്ക് ബൈക്ക് ഫീഡര്‍ ആംബുലന്‍സിന്റെ സേവനവും 27 പേര്‍ക്ക് ഐ.സി.യു ആംബുലന്‍സിന്റെ സേവനവും 155 തീര്‍ത്ഥാടകര്‍ക്ക് മറ്റ് കനിവ് 108 ആംബുലന്‍സുകളുടെ സേവനവും നല്‍കിയിരുന്നെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

'സ്ഥലവും അറിയിപ്പും പറഞ്ഞു, തടയാന്‍ ചുണയുള്ളവര്‍ക്ക് സ്വാഗതം'; 'രാം കെ നാം' പ്രദര്‍ശിപ്പിക്കുമെന്ന് ജെയ്ക്ക് 

 

Latest Videos
Follow Us:
Download App:
  • android
  • ios