Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ ഒരു മാസത്തിനകം സമ്പൂർണ വാക്സിനേഷൻ; ആശുപത്രികള്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി

18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്‌സീന്‍ എത്തുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

Veena George says full vaccination within one month in Attappadi
Author
Palakkad, First Published Jun 26, 2021, 5:57 PM IST

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് അടുത്ത ഒരു മാസത്തിനകം സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആദിവാസി വിഭാഗത്തിലെ 45 വയസിന് മുകളിലുള്ള 82 ശതമാനത്തോളം പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് വാക്‌സീന്‍ എത്തുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. അട്ടപ്പാടി മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അട്ടപ്പാടിയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍, സ്‌പെഷ്യാലിറ്റി സേവനങ്ങള്‍, പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. കൊവിഡ് ചികിത്സയ്ക്ക് പുറമെ ഭാവിയില്‍ ഇതര രോഗങ്ങളുടെ ചികിത്സയ്ക്കും ഇത് പ്രയോജനപ്രദമാകും. കൊവിഡ് പരിശോധന ശാസ്ത്രീയമാക്കുന്നതിന് അടിയന്തരമായി സി.ബി നാറ്റ് മെഷീന്‍ നല്‍കും. കൂടാതെ, മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബ് ആഴ്ചയില്‍ ഒരു ദിവസം അട്ടപ്പാടിയില്‍ സജ്ജമാക്കും. മേഖലയില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശിശുമരണ നിരക്കിലെ കുറവ് നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റ് വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. ഗര്‍ഭിണികളുടെ പോഷകാഹരവുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളുടെ ആഹാര ശീലങ്ങള്‍ പരിപോഷിപ്പിക്കുന്ന പദ്ധതികള്‍ ശക്തിപ്പെടുത്തും. കോട്ടത്തറ ട്രൈബല്‍ ആശുപത്രി, പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രം, അഗളി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവ സന്ദര്‍ശിച്ച മന്ത്രി അട്ടപ്പാടിയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. പുതൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചണും മന്ത്രി സന്ദര്‍ശിച്ചു. ഏറെ വെല്ലുവിളികള്‍ ഏറ്റെടുത്ത് അട്ടപ്പാടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.

Follow Us:
Download App:
  • android
  • ios