കൊച്ചി: സംസ്ഥാനത്ത് സവാള, ളള്ളി വില കുതിച്ചുയരുന്നു. അയൽസംസ്ഥാനങ്ങളിലെ മഴക്കെടുതിയെ തുടർന്ന് ഒരു മാസം കൊണ്ട് ഇരട്ടിയോളമാണ് വില കൂടിയത്. സംസ്ഥാനത്തേക്ക് വരവെത്തുന്ന പച്ചക്കറിയുടെ വില കൂടി ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റ് അവതാളത്തിലാക്കും.

സവാളയും,ളള്ളിയും.തൊട്ടാൽ കണ്ണും,കൈയ്യും നീറും. 1 മാസം മുൻപ് ഉള്ളി 1 കിലോ,65 രൂപ. ഇന്ന് അത് 115 രൂപയായി. ഉള്ളി പോട്ടെ സവാള മതിയെന്ന് കരുതിയാൽ അതും നടക്കില്ല. 42 രൂപയിൽ നിന്ന് വില 90 രൂപ വരെയെത്തി. മഹാരാഷ്ട്ര,കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സവാള കൂടുതലായി നമ്മുടെ നാട്ടിലേക്കെത്തുന്നത്. ഉള്ളി തമിഴ്നാട്ടിൽ നിന്നും. ന്യൂനമർദ്ദങ്ങളെ തുടർന്ന് ദിവസങ്ങളോളം നീളുന്ന മഴയാണ് തിരിച്ചടിയായത്.

ഊണിനൊപ്പം നാട്ടിലെ പച്ചക്കറികൾ മാത്രം മതിയെന്ന് കരുതേണ്ടി വരും. വരവെത്തുന്ന പച്ചക്കറികളുടെയും വില സാധാരണക്കാരന് താങ്ങാൻ പ്രയാസം. ക്യാരറ്റ് കിലോ 100 രൂപ,ബീൻസ് 50, ക്യാബേജ് 50, ബീറ്റ് റൂട്ട് കിലോ 60 രൂപ. മാർച്ച് മാസത്തിൽ 20 രൂപയിൽ നിന്നാണ് ക്യാരറ്റ് 100  രൂപയിലെത്തിയത്. കൊവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം വിലവർധനവും ജനത്തെ വലയ്ക്കുകയാണ്.