Asianet News MalayalamAsianet News Malayalam

കെ കെ മഹേശന്‍റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യും

ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസിനെ രാത്രിയോടെയാണ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റിയത്. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

vellapally nadeshan to be question tomorrow on k k mahesan death
Author
Alappuzha, First Published Jul 2, 2020, 6:02 AM IST

ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ചതിനെ തുടർന്നാണ് നാളേക്ക് മാറ്റിയത്. അതേസമയം, കേസിൽ വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും.

മൈക്രോഫിനാൻസ് കേസിലടക്കം കുടുക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശൻ കത്തുകളിലും എഴുതിയിരുന്നത്. വെളളാപ്പള്ളി നടേശന്‍റെയും സഹായി അശോകന്‍റെയും പേരുള്ള ആത്മഹത്യകുറിപ്പ് കൂടി പുറത്തുവന്നതോടെ പൊലീസിന് ചോദ്യം ചെയ്യലിലേക്ക് നീങ്ങേണ്ടിവന്നു. മൂന്ന് മണിക്കൂറിലധികം അശോകനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പൊലീസിനെ രാത്രിയോടെയാണ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ഇതോടെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റി.

മഹേശന്‍റേതായി പുറത്തുവന്ന കത്തുകളിലെയും കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ. വെള്ളാപ്പള്ളി നടേശനും കെ എൽ അശോകനുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. എന്നാൽ അതിലേക്ക് എത്താൻ ഇനിയും തെളിവുകൾ വേണമെന്നാണ് മാരാരിക്കുളം പൊലീസ് പറയുന്നത്.

അറസ്റ്റ് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് കണിച്ചുകുളങ്ങരയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് ഗോകുലം ഗോപാലന്‍റെ അടക്കം എതിർചേരിയുടെ നീക്കം.

Follow Us:
Download App:
  • android
  • ios