Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും, ഗുണം ആരിഫിന്, സുരേഷ് ഗോപി തോൽക്കും, യുഡിഎഫ് മുന്നിൽ: വെള്ളാപ്പള്ളി നടേശൻ

'എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടും. മൂന്ന് മുന്നണികൾക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു'

Vellappalli Natesan prediction for Lok Sabha Election results Kerala 2024
Author
First Published Apr 28, 2024, 5:25 PM IST | Last Updated Apr 28, 2024, 5:25 PM IST

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കും നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് പറഞ്ഞ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും പറഞ്ഞു.

ആലപ്പുഴയിലും കടുത്ത മത്സരമാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ബിജെപി നേടിയതിനേക്കാൾ വോട്ട് ശോഭ സുരേന്ദ്രന് കിട്ടും. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ ഗുണം എഎം ആരിഫിനായിരിക്കും. തെരഞ്ഞെടുപ്പ് ദിനത്തിൽ ഇപി-ജാവ്ദേക്കർ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ഇപി ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണാറുണ്ട്. പക്ഷെ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാർട്ടിയിൽ പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ല.  എന്നാൽ പാർട്ടിയിൽ അത് പറഞ്ഞിട്ടില്ലെങ്കിൽ അത് പാർട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ എന്ന നിലയിൽ രണ്ടടി പിന്നോട്ടാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോർട്ട് വിവാദമായിരിക്കാം. പക്ഷെ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താൻ ഇല്ല. തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. അവിടുത്തെ കാര്യം തനിക്ക് അറിയാം. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല. അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചിട്ടുണ്ട്. 

എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടും. മൂന്ന് മുന്നണികൾക്കും ന്യൂനപക്ഷം മതിയെന്ന സ്ഥിതിയായിരുന്നു. ന്യൂനപക്ഷ പ്രീണനത്തിന് മൂന്ന് മുന്നണികളും പരസ്പരം മത്സരിച്ചു. തുഷാർ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാധ്യതയുമില്ല. മുന്നണി നിർദ്ദേശം പാലിച്ചാണ് തുഷാർ മത്സരത്തിന് ഇറങ്ങിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios