ആലപ്പുഴ: വണ്ടിചെക്ക് കേസില്‍ അജ്‍മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിച്ചത് വ്യവസായി യൂസഫലിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും വിഷയത്തില്‍ ഇടപെട്ടിരുന്നു. അതേസമയം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പരിപാടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള കാണിച്ചതെന്നും വെള്ളാപള്ളി കുറ്റപ്പെടുത്തി. തുഷാറിന്‍റെ അറസ്റ്റിന് പിന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയ്ക്കെതിരെ ആയിരുന്നു വെള്ളാപ്പള്ളിയുടെ ഈ പരാമര്‍ശം. 

തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് പിണറായി വിജയനെ താന്‍ ബന്ധപ്പെട്ടിരുന്നു തുഷാര്‍ ജാമ്യത്തിലിറങ്ങിയ ശേഷം അദ്ദേഹം എന്നെ വിളിച്ച് വിവരം കൈമാറുകയും ചെയ്തു. ദുബായിലുണ്ടായിരുന്ന വി മുരളീധരനും തന്നെ ബന്ധപ്പെട്ടു എംബസി വഴി കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ മറ്റു ബിജെപിക്കാരെ പോലെയല്ല ശ്രീധരന്‍ പിള്ള ഇടപെട്ടത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായിരുന്നു പിള്ളയുടെ ശ്രമം. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു

വെള്ളാപ്പള്ളിയുടെ വാക്കുകള്‍.... 

അജ്‍മാനില്‍ തുഷാറിന് പതിനഞ്ച് സെന്‍റ് സ്ഥലം സ്വന്തമായിട്ടുണ്ട്. 31 ലക്ഷം രൂപയ്ക്ക് വാങ്ങിയ ആ സ്ഥലം 61 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവന്‍ ആ കാര്യം എന്നോട് പറഞ്ഞു. സ്ഥലം വില്‍ക്കാന്‍ അവനോട് പറഞ്ഞതും  ദുബായിലേക്ക് അയച്ചതും ഞാനാണ്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആണ് തുഷാര്‍ താമസിച്ചത് അവിടെ വച്ചാണ് സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. അതിനിടയില്‍ സിഐഡി സംഘം എത്തി തുഷാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണിതെല്ലാം. അറസ്റ്റ് ചെയ്ത തുഷാറിനെ ദുബായ് കോടതിയിലേക്കല്ല. അജ്മാനിലേക്കാണ് കൊണ്ടു പോയത്.

തുഷാര്‍  അറസ്റ്റിലായ വിവരമറിഞ്ഞ യൂസഫലി സ്വന്തം നിലയിലാണ് അവനെ മോചിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. അബുദാബിയിലെ യൂസഫലിയുടെ ഓഫീസില്‍ നിന്നും അഭിഭാഷകര്‍ അടക്കം ഏഴ് സംഘമായി ആളുകള്‍ 200 കിലോമീറ്റര്‍ അപ്പുറമുള്ള അജ്മാനിലേക്ക് എത്തി. സ്റ്റേഷനിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതും പണം കെട്ടിവച്ചതും അവരാണ്. തുഷാറിനെ ജയിലില്‍ ഇട്ടു എന്നൊക്കെയാണ് പുറത്തു വന്ന വാര്‍ത്ത. അതു തെറ്റാണ്. തുഷാറിനെതിരെയുള്ള പരാതിയില്‍ എഫ്ഐആര്‍ ഇടുക മാത്രമാണ് ചെയ്തത്. കേസ് ഇനി കോടതിയില്‍ എത്തി വിധിയാവണം. സിവില്‍ കോടതിയില്‍ പോയി വാദിച്ചു ജയിച്ചാല്‍ പൈസ കൊടുക്കേണ്ട കാര്യമില്ല. പരാതിക്കാരന്‍ പോലും ഇതിനിടയില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വിളിച്ചു അവര്‍ തമ്മില്‍ സംസാരിക്കുകയും ചെയ്തു. 

മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടു എന്നറിഞ്ഞതിനെ തുടര്‍ന്ന് ഞാന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. ജാമ്യം കിട്ടയതിന് പിന്നാലെ ആ കാര്യം അദ്ദേഹം എന്നെ വിളിച്ചറിയിക്കുകയും ചെയ്തു. യൂസഫലിയാണ് എല്ലാം ചെയ്തത് അദ്ദേഹത്തിന്‍റെ ആളുകളാണ് അജ്മാനിലെ സ്റ്റേഷനിലെത്തിയതും പണമടച്ചതും അഭിഭാഷകരെ ഇറക്കിയതും എല്ലാം അദ്ദേഹമാണ്. നടന്ന സംഭവങ്ങള്‍ സത്യസന്ധമായി ആണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ സന്തോഷവും നന്ദിയുമുണ്ട്. 

അതേസമയം ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കിയത് ശരിയായില്ല.  കുറച്ചൂടെ മാന്യവും ബുദ്ധിപരവുമായ സമീപനം ശ്രീധരന്‍ പിള്ള എടുക്കണമായിരുന്നു. രാധാകൃഷ്ണനടക്കമുള്ള മറ്റു ബിജെപി നേതാക്കളൊന്നും ഇങ്ങനെ പറഞ്ഞില്ല. വിവരമറിഞ്ഞ് വി.മുരളീധരന്‍ എന്നെ ബന്ധപ്പെട്ടിരുന്നു . തുഷാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ദുബായിലുണ്ടായിരുന്നുവെന്ന് വി മുരളീധരന്‍ എന്നോട് പറഞ്ഞു. ദുബായ് എംബസിയില്‍ വിളിച്ചു കാര്യങ്ങള്‍ കൃത്യമായി നിരീക്ഷക്കാന്‍ ആവശ്യപ്പെട്ടെന്നും മുരളീധരന്‍ അറിയിച്ചിരുന്നു. 

പക്ഷേ ഇതിനെല്ലാം വിപരീതമായ കാര്യങ്ങളാണ് ശ്രീധരന്‍പിള്ള പറഞ്ഞത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്ത വഞ്ചനയാണ് ഇതൊക്കെ എന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. പരാതിക്കാരനും തുഷാറും ഇതൊക്കെ നിഷേധിച്ചതാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കേണ്ട കാര്യം ശ്രീധരന്‍പിള്ളയ്ക്കുണ്ടോ ? അയാള്‍ വലിയ അഭിഭാഷകനൊക്കെയാണ് പക്ഷേ തലച്ചോറില്ല. ശബരിമല വിഷയം വന്നപ്പോള്‍ അത് ഗോള്‍ഡന്‍ ചാന്‍സാണ് എന്നു പറഞ്ഞയാളാണ് ശ്രീധരന്‍പിള്ള അന്നു തൊട്ട് പിള്ളയുടെ രാഷ്ട്രീയ ഗ്രാഫ് താഴോട്ടാണ്..