മമ്മൂട്ടിക്ക് പത്മഭൂഷൻ ലഭിച്ചത് അദ്ദേഹത്തിന്റെ നടനവൈഭവം കൊണ്ടാണെന്നും തനിക്ക് ലഭിച്ചത് സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്നും വെള്ളാപ്പള്ളി നടേശൻ. 

ആലപ്പുഴ: മമ്മൂട്ടിക്ക് പത്മഭൂഷൻ ബ​ഹുമതി ലഭിച്ചത് അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം നടന വൈഭവാണ്. അദ്ദേഹത്തിന്റെ നടന പാടവത്തിനുള്ള അം​ഗീകാരമായിട്ടാണ് കിട്ടിയത്. എനിക്ക് ഭൂഷണം കിട്ടിയപ്പോൾ മമ്മൂട്ടിക്കും കിട്ടി. ഞാനും മമ്മൂട്ടിയും ചിങ്ങമാസത്തിലെ വിശാഖക്കാരാണ്. ഒരേ നാളുകാരാണ്. തനിക്ക് കഴിവുകൊണ്ടല്ല പത്മഭൂഷൻ ലഭിച്ചത്. സംഘടനാ പ്രവർത്തനത്തിന്റെയും ക്ഷേമ പ്രവർത്തനം നടത്തുന്നതിന്റെയും അം​ഗീകാരമാണ് ലഭിച്ചത്. അതിന്റെ കാരണക്കാർ നിങ്ങളാണ്. അം​ഗീകാരം ലഭിച്ചത് സമുദായത്തിനാണ്. വെള്ളാപ്പള്ളി നടേശനല്ല. മമ്മൂട്ടിയെയും തന്നെയും പുരസ്കാരത്തിനായി കണ്ടെത്തിയത് രണ്ട് രീതിയിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ സീറോയാണ്. ഹീറോയായത് നിങ്ങളെല്ലാം കണ്ണി ചേർന്നപ്പോഴാണ്. സമുദായത്തെ സാമ്പത്തികമായി ഉയർത്താനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപി - എൻഎസ്എസ് ഐക്യം നീക്കം തകർന്നതില്‍ സുകുമാരന്‍ നായരെ തള്ളി പറയാതെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഐക്യനീക്കം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ, നായര്‍ സമുദായം സഹോദര സമുദായമാണെന്നും സുകുമാരന്‍ നായര്‍ നിഷ്കളങ്കനും മാന്യനുമാണെന്നും പ്രതികരിച്ചു. കേവലം നായര്‍ ഈഴവ ഐക്യമില്ല പറഞ്ഞത്. ഐക്യമുണ്ടാവേണ്ടത് നായാടി മുതൽ നസ്രാണി വരെയാണ്. എസ്എന്‍ഡിപിക്ക് മുസ്ലീം വിരോധമില്ല. മുസ്ലീം വിരോധിയാക്കി കത്തിച്ച് കളയാനാണ് ശ്രമം നടക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചേർത്തല എസ്എൻ കോളേജിൽ വെച്ച് നടന്ന എസ് എന്‍ ട്രസ്റ്റ്‌ ഡയറക്റ്റർ ബോർഡ് വിശേഷാൽ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.