കെസി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പത്തനംതിട്ട: കെസി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ അതികായനായ നേതാവാണ് കെസി വേണുഗോപാൽ. കോൺഗ്രസിൽ കൂടുതൽ അഭിപ്രായമുള്ള നേതാവുമാണ്. കെസി വേണുഗോപാലിന്റെ സ്വാധീനത്തിലാണ് ഒരുപാട് എംഎൽഎമാർ ഉണ്ടായത്. കെസി വേണുഗോപാലാണ് വിജയത്തിൻ്റെ ശില്പി. കേരളത്തിൽ ഉള്ളത് കറുകപ്പുല്ലു മാത്രമാണ്. അത് തിന്നാൻ മാത്രം അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിൻ്റെ ഒത്താശ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രമേശ് ചെന്നിത്തലയെയും പുകഴ്ത്തി സംസാരിച്ച വെള്ളാപ്പള്ളി രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും പറഞ്ഞു. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന ആൾ ആണ് രമേശ് ചെന്നിത്തല. കേന്ദ്രത്തിലും പരിചയമുണ്ട്. അദ്ദേഹത്തിൻറെ ജൂനിയർ ആയിരുന്ന പലരും വളർന്നിട്ടും ഒന്നുമായില്ല. എല്ലാം സഹിച്ചു നിന്ന ആളാണ് ചെന്നിത്തലയെന്നും പറഞ്ഞു.
അതേസമയം, ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നവർക്ക് പിന്നിൽ ലീഗ് ആണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. നിലപാട് താൻ മാറില്ലെന്നും എസ്എൻഡിപിയെ തകർക്കാൻ ആകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി മിതവാദിയും ഷാജി തീവ്രവാദിയുമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ മുൻപ് പറഞ്ഞത്. അങ്ങനെ പലതും പറഞ്ഞു കാണുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാൻ അത്ര മണ്ടനല്ല താൻ എന്നുമാണ് അദ്ദേഹത്തിന്റെ നിലവിലെ വിശദീകരണം.

