ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം. അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് അച്ഛൻ റഹിം. ചെയ്തതിൻ്റെ ഫലം അഫാൻ അനുഭവിക്കട്ടെയെന്ന് അച്ഛൻ റഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അവൻ ചെയ്തതെന്താണെന്ന് അവന് നന്നായി അറിയാമെന്നും റഹിം കൂട്ടിച്ചേര്‍ത്തു.

പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു. ഇത് രണ്ടാം വട്ടമാണ് അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിക്കുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിൽ ഒരു തടവുകാരനൊപ്പമായിരുന്നു അഫാനെ പാർപ്പിച്ചിരുന്നത്. പ്രത്യേക നിരീക്ഷണം വേണ്ട ഏഴു തടവുകാരാണ് ഈ ബ്ലോക്കിലുള്ളത്.

നേരത്തെ അഫാൻ ആത്മഹത്യാശ്രമം നടത്തിയ സാഹചര്യത്തിലാണ് സെല്ലിൽ ഒരു തടവുകാരനെ കൂടി പാർപ്പിച്ചിരുന്നത്. രാവിലെ 11.30യോടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോണ്‍ വിളിക്കാനായി പോയി. മറ്റ് തടവുകാര്‍ വരാന്തയിൽ ടിവി കാണാൻ ഇറങ്ങി. ഈ സമയത്താണ് അഫാൻ ശുചിമുറിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്. അലക്കി ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് കഴുത്തിൽ കുരുക്കിട്ടത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കി ശേഷം മറ്റ് തടവുകാരെ വിളിച്ചു. തടവുകാരും ജയിൽ ഉദ്യോഗസ്ഥനും ചേര്‍ന്ന് കഴുത്തിലെ കെട്ടഴിച്ച് നിലത്ത് കിടത്തി അഫാന് പ്രാഥമിക ശുശ്രൂഷ നൽകി. ആംബുലൻസിൽ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

മെഡിക്കൽ ഐസിയുവിൽ വെന്‍റിലേറ്റര്‍ സഹായത്തിലാണ് അഫാന്‍ ഇപ്പോള്‍. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയെന്ന് പറയാനാകിലെന്ന് ഡോക്ടർമാർ ജയിൽ അധികൃതരെ അറിയിച്ചു. മൊഴി രേഖപ്പെടുത്തണമെന്ന് പൊലീസിന്റെ ആവശ്യം ഡോക്ടര്‍മാര്‍ അനുവദിച്ചില്ല. സഹോദരനെും കാമുകിയെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ കൊലപ്പെടുത്തിയ ശേഷം മദ്യത്തിൽ വിഷം കലർത്തി കഴിച്ച ശേഷമാണ് അഫാൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ജയിലിൽ കൗണ്‍സിംഗ് നൽകിയിരുന്നു. ഇനി ആത്മഹത്യക്ക് ശ്രമിക്കില്ലെന്നായിരുന്ന് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അഫാനെ കാണാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ജയിൽ വന്നിരുന്നില്ല. ആരോടും അധികം സംസാരിക്കാതെ കൂടുതൽ സമയവും സെല്ലിനുള്ളിൽ ചെലവാക്കുകയായിരുന്ന പ്രതി. രണ്ട് ദിവസം മുമ്പാണ് അച്ഛൻെറ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലിസ് കുറ്റപത്രം നൽകിയത്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-255205)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം