അടിയന്തര ആൻജിയോഗ്രാമിന് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൻമന സ്വദേശിയായ വേണു 5 ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ സിന്ധു. മെഡിക്കൽ കോളേജ് അടക്കം വേണുവിനെ ചികിത്സിച്ച മൂന്ന് ആരോഗ്യ കേന്ദ്രങ്ങൾക്ക് വീഴ്ച പറ്റിയെന്ന ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ടിൽ ആര്‍ക്കെതിരെയും നടപടിക്ക് ശുപാർശയില്ലാത്തത് അംഗീകരിക്കാനില്ല. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അടിയന്തര ആൻജിയോഗ്രാമിന് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൻമന സ്വദേശിയായ വേണു 5 ദിവസം ആശുപത്രിയിൽ കിടന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. വേണ്ട ചികിത്സ നൽകാതെ അധികൃതർ കാട്ടിയ അനാസ്ഥയാണ് വേണുവിൻ്റെ ജീവനെടുത്തതെന്നാണ് കുടുംബത്തിൻ്റെ പരാതി. കഴിഞ്ഞ ദിവസം പുറത്തുവന്ന ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ടിൽ മൂന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരുന്നു. വേണുവിനെ ആദ്യം കൊണ്ടുപോയ സിഎച്ച്സി, പിന്നീട് എത്തിച്ച ജില്ലാ ആശുപത്രി, ഒടുവിൽ പ്രവേശിപ്പിച്ച മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പിഴവുകൾ സംഭവിച്ചെന്ന് ബോധ്യമായി. പക്ഷേ കുറ്റങ്ങൾ തിരിച്ചറിഞ്ഞിട്ടും റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശ ഉണ്ടായില്ല. അന്വേഷണങ്ങൾ പ്രഹസനമാകരുതെന്നാണ് വേണുവിൻ്റെ ഭാര്യ സിന്ധുവിൻ്റെ മറുപടി.
നീതി കിട്ടും വരെ നിയമ പോരാട്ടം തുടരാനാണ് തീരുമാനം. വേണു ആഗ്രഹിച്ച പോലെ പെൺമക്കളെ വളർത്തണമെന്നും സർക്കാർ ജോലി നൽകണമെന്നും സിന്ധു ആവശ്യപ്പെട്ടു. ഇനി ഒരു വേണു ഉണ്ടാകാൻ പാടില്ലെന്നും സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.
