മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്നില്ല.  ജഡ്ജി അവധിയായതിനാലാണ് കേസ് മാറ്റിവെച്ചത്. ജാമ്യാപേക്ഷയില്‍ ഈ മാസം 27 ന് ഉത്തരവെന്ന് മുംബൈ സെഷന്‍സ് കോടതി അറിയിച്ചു. ജഡ്ജ് എം എച്ച് ഷെയ്ക്കാണ് കേസ് പരിഗണിച്ചിരുന്നത്.

മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ ലുക്കൗട്ട് നോട്ടീസ് തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടെന്നായിരുന്നു മുംബൈ പൊലീസ് നേരത്തെ തീരുമാനിച്ചിരുന്നത്. കേസ് നീട്ടിവെച്ച സാഹചര്യത്തില്‍ പൊലീസിന്‍റെ അടുത്ത നടപടികളെ കുറിച്ച് വ്യക്തമല്ല. അതേസമയം, ബിനോയ് കോടിയേരിക്കെതിരെയുള്ള തെളിവുകള്‍ ശക്തമാവുകയാണ്. പരാതിക്കാരിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്‍റെ പേരിന്‍റെ സ്ഥാനത്തും യുവതിയുടെ കുഞ്ഞിന്‍റെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്‍റെ സ്ഥാനത്തും ബിനോയ് കോടിയേരിയുടെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Read More: കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിലും അച്ഛന്‍റെ പേര് ബിനോയ്, തെളിവുകൾ പുറത്ത്

ജാമ്യം കിട്ടിയതിന് ശേഷം പൊലീസ് അന്വേഷണവുമായി സഹകരിക്കാം എന്ന കണക്കുകൂട്ടലിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്. എന്നാൽ ബിനോയ്ക്കെതിരെ ശക്തമായ തെളിവുള്ളതിനാൽ കോടതി ജാമ്യം നൽകില്ലെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്. കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് ബലാത്സത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. 

അതിനിടെ, ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ ഇന്ന് പുറത്തുവന്നു. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്‍റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ പി ശ്രീജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്‍റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്‍റെ വെളിപ്പെടുത്തല്‍. 

Read More: 'എല്ലാം കോടിയേരിക്ക് നേരത്തേ അറിയാം'; ബിനോയ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍