ഒരു കുറ്റകൃത്യം നടന്നാൽ മാത്രമേ ഗൂഢാലോചനയ്ക്ക് വകുപ്പ് ഉള്ളൂ. ഇവിടെ കുറ്റം എന്തെന്ന് പോലും ഇതുവരെ വ്യക്തതയില്ല. എഴുത്തും വായനയും അറിയുന്ന ഒരു പൊലീസുകാരനും ഇങ്ങനെ എഫ്ഐആര്‍ ഇടില്ല
കൊച്ചി: കെഎസ്‌യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍. ഒരു കുറ്റകൃത്യം നടന്നാൽ മാത്രമേ ഗൂഢാലോചനയ്ക്ക് വകുപ്പ് ഉള്ളൂ. ഇവിടെ കുറ്റം എന്തെന്ന് പോലും ഇതുവരെ വ്യക്തതയില്ല. എഴുത്തും വായനയും അറിയുന്ന ഒരു പൊലീസുകാരനും ഇങ്ങനെ എഫ്ഐആര്‍ ഇടില്ലെന്നും പ്രതികരിക്കുന്ന ശ്രീജന്‍ ബാലകൃഷ്ണന്‍ എഫ്ഐആറിലെ ഗുരുതര വീഴ്ചകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ശ്രീജന്‍ ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ജേർണലിസ്റ്റ് Akhila Nandakumar അഞ്ചാം പ്രതിയായ എഫ് ഐ ആറിൽ ഗുരുതരമായ അഞ്ചു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങളൊന്നും പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ല. എഴുത്തും വായനയും അറിയുന്ന ഒരു പോലീസുകാരനും ഇങ്ങനെ ഒരു fir ഇടില്ല.
ഐപിസി 120 ബി: ഗൂഢാലോചന. ഒരു കുറ്റകൃത്യം നടന്നാൽ മാത്രമേ ഗൂഢാലോചനയ്ക്ക് വകുപ്പ് ഉള്ളൂ. ഇവിടെ കുറ്റം എന്തെന്ന് പോലും ഇതുവരെ വ്യക്തതയില്ല. പൊതുമണ്ഡലത്തിൽ ഉണ്ടായിരുന്ന ഔദ്യോഗിക രേഖ വ്യാജമെന്ന് ഒരാൾക്ക് സംശയം അത്രയേ ഉള്ളൂ. ഇതേ മട്ടിൽ ആണെങ്കിൽ ഒരു GO വ്യാജമെന്ന് ആരോപിച്ച് ഞാൻ പരാതി നൽകിയാൽ അതിൽ ഒപ്പിട്ട ഐ എ എസ് ഓഫിസർ, അത് റിപ്പോർട്ട് ചെയ്ത ജേർണലിസ്റ്റ് ഒക്കെ പ്രതിയാകണ്ടേ?
ഐപിസി 465: ഫോർജറി അഥവാ വ്യാജരേഖ ചമയ്ക്കൽ. സർട്ടിഫൈഡ് ആയ ഔദ്യോഗിക റിസൾട്ട് ആണ് ഇവിടത്തെ രേഖ. അത് ഒറിജിനൽ ആണെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമായി സാക്ഷ്യപെടുത്തിയിട്ടുണ്ട്. മാത്രമല്ല, പരാതിക്കാരന്റേത് ഉൾപ്പടെ ഒരു കൂട്ടം വിദ്യാർത്ഥികളുടെ റിസൾട്ട് ഒരുമിച്ച് ഇലക്ട്രോണിക് രേഖയായാണ് പ്രസിദ്ധീകരിച്ചത്. അതിൽ വന്ന സാങ്കേതിക പിഴവാണ് തെറ്റായ ഫലത്തിന് കാരണമെന്ന് ആ രേഖ പ്രസിദ്ധീകരിച്ചവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക രേഖയ്ക്ക് പകരം വ്യാജ രേഖ നിർമിക്കുന്നതാണ് ഫോർജറി. അതായത് എസ് എഫ് ഐ നേതാവ് കെ വിദ്യ ചെയ്തത് ഫോർജറി ആണ്. ഇവിടെ ആ കുറ്റം നിൽക്കില്ല.
ഐപിസി 469: ഫോർജറി ടു ഡിഫെയിം. നേരത്തെ പറഞ്ഞ കാര്യങ്ങൾ ബാധകം. ഔദ്യോഗിക രേഖയെ ചൊല്ലിയാണ് വിവാദം. ഇവരാരും നിർമിച്ച ഒരു രേഖയുണ്ടെന്ന് പരാതി പോലുമില്ല.
ഐപിസി 500: ക്രിമിനൽ മാനനഷ്ടത്തിനുള്ള ശിക്ഷ പറയുന്ന വകുപ്പാണ്. പരാതിക്കാരന് മാനം ഉണ്ടെന്ന് തെളിയിച്ചാൽ മാത്രമേ ഈ വകുപ്പിലേക്ക് കടക്കാനെങ്കിലും പറ്റൂ. പിന്നെ ഇവർ ആ മാനം നഷ്ടപ്പെടുത്തിയെന്നും തെളിയിക്കണം
കേരള പോലീസ് ആക്ട് 120(o): ആശയവിനിമയ മാർഗത്തിലൂടെ ഒരാൾക്ക് നിരന്തരം ശല്യം സൃഷ്ടിക്കുക. അനോണിമസ് കാൾ, ലെറ്റർ, ഇ മെയിൽ, മെസ്സഞ്ചർ തുടങ്ങിയവ ഉപയോഗിച്ച് അനാവശ്യമായ സന്ദേശങ്ങൾ അയക്കുക എന്നാണ് നിയമത്ത്തിൽ പറയുന്നത്. അഖില നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നു എന്നോ മറ്റോ ആർഷോ പരാതി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ചുരുക്കത്തിൽ അഖില നേരെ ഹൈക്കോടതിയിൽ ഹർജിയുമായി പോയാൽ ഏറിയാൽ രണ്ടീസം. ഒന്ന് നോട്ടീസ് അയക്കാൻ, അടുത്തത് വാദം കേൾക്കാനും. ഈ എഫ് ഐ ആർ കനോലി കനാലിലൂടെ ഒഴുകി നടക്കുന്നത് നമുക്ക് തന്നേ കാണാം
