സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഹോസ്റ്റൽ നടുമുറ്റം, ഹോസ്റ്റൽ മുറി, ഡോർമെറ്ററി എന്നിവിടങ്ങളിൽ എത്തിച്ചശേഷമാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്
കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പൊലീസിന്‍റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്‍റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.
സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ച ഹോസ്റ്റൽ നടുമുറ്റം, ഹോസ്റ്റൽ മുറി, ഡോർമെറ്ററി എന്നിവിടങ്ങളിൽ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂർത്തിയാക്കി. സിദ്ധാർത്ഥന മർദ്ദിക്കാൻ ഉപയോഗിച്ച വയർ കണ്ടെടുത്തു. ആൾക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം കൊലപാതകമാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. ക്രൂരമായ ആൾക്കൂട്ട വിചാരണക്ക് പിന്നാലെ മരണമല്ലാതെ മറ്റൊന്നും മുന്നിലില്ലാത്ത അവസ്ഥയിലേക്ക് പ്രതികൾ സിദ്ധാർത്ഥനെ എത്തിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അറിഞ്ഞതിനേക്കാള്‍ ഭീകരമാണ് സിദ്ധാർത്ഥ നേരിട്ട ക്രൂരതയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കൂടി പുറത്തുവന്നതോടെ വ്യക്തമാകുന്നത്.
വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ പ്രതികൾ വിളിച്ചു വരുത്തുന്നു. സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയുടെ പരാതിയുണ്ടെന്നും നിയമനടപടിയുമായി പെൺകുട്ടി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്നും പകരം ആൺകുട്ടികളുടെ ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ച് ഈ പരാതി തീർപ്പാക്കാമെന്നും പറഞ്ഞാണ് സിദ്ധാര്‍ത്ഥനെ പ്രതികള്‍ വിളിച്ചുവരുത്തിയത്. പിന്നാലെ പതിനാറിന് രാവിലെ സിദ്ധാർത്ഥ് ക്യാമ്പസ് ഹോസ്റ്റലിൽ എത്തി. പ്രതികൾ സിദ്ധാർത്ഥനെ മുറിയിൽ തടവിലാക്കി. എങ്ങോട്ടും പോകാൻ അനുവദിച്ചില്ല. രാത്രി ഒമ്പത് മണിമുതൽ ക്രൂര മർദനം തുടങ്ങി. അർധ നഗ്നനക്കി നാലിടത്തു വച്ച് മർദിച്ചു.
ബെൽറ്റ്, വയർ, എന്നിവ കൊണ്ട് അടിച്ചു. മുഷ്ടി ചുരുട്ടി മർദിച്ചു. കാലുകൊണ്ട് ചവിട്ടി. പുലർച്ചെ രണ്ടുമണിവരെയാണ് മർദനവും പരസ്യ വിചാരണയും നീണ്ടത്. ഇതോടെ മരണമല്ലാതെ മറ്റുവഴിയില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ കൊണ്ടെത്തിച്ചു എന്നും റിപ്പോർട്ടുണ്ട്. സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറയുന്നുണ്ട്. ആഴത്തിലുള്ള അന്വേഷണത്തിലൂടെ കൊലപാതക സാധ്യത കൂടി പരിശോധിക്കണമെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

