മേപ്പാടി: ഇന്നലെ അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത് ആശങ്കജനകമായ വാര്‍ത്തകള്‍. രാവിലെ ആറ് മണിക്ക് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചതിന് പിന്നാലെ രണ്ട് മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തി. മൃതദേഹങ്ങള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റുകയാണ്. നാട്ടുകാരുടെ ഒരു പുത്തുമലയുടെ അക്കരയും ദേശീയദുരന്തനിവാരണസേനയുടെ ഒരു സംഘം ഇപ്പുറത്തുമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടം നടന്ന് 12 മണിക്കൂറിലധികം സമയം പിന്നിട്ട സാഹചര്യത്തില്‍ മണ്ണിനടയില്‍ കുടുങ്ങിപോയവരുടെ ജീവനെക്കുറിച്ചോര്‍ത്ത് ആശങ്ക ഇരട്ടിക്കുകയാണ്. 

30 വര്‍ഷമായി ഞാനവിടെ താമസിക്കുന്നു. പാഡിയും അമ്പലവും പള്ളിയും ക്വാര്‍ട്ടേഴ്സും വീടുകളും എല്ലാം ഒലിച്ചു പോയി. കുറേപ്പര്‍ അവിടെ നിന്നും നേരത്തെ മാറിയിരുന്നു. ഞാനും എന്‍റെ വയ്യാത്ത ഭാര്യയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് രാവിലെ ഞങ്ങളെല്ലാം പോയി രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തി. അപ്പോഴാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. കുത്തൊഴുക്കില്‍ വീടിന് മേലക്ക് മണ്ണും ചളിയും വന്നു നിറഞ്ഞു. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാതെ ആയി അടുക്കള വാതിലില്‍ വിടവ് കണ്ട് ഞാന്‍ അതിലൂടെ ഭാര്യയേയും പൊക്കി കയറ്റി പുറത്തിറങ്ങി. പുറത്തു വന്നപ്പോള്‍ ആണ് അയല്‍വാസിയായ ഒരു പെണ്‍കുട്ടി ചളിയില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത് അവളെ ഞാന്‍  രക്ഷപ്പെടുത്തി. തൊട്ടപ്പുറത്ത് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു അവരേയും ഞാന്‍ രക്ഷപ്പെടുത്തി. അപ്പോഴേക്കും എന്‍റെ വീട് ഒലിച്ചു പോയി - അപകടത്തില്‍ നിന്നും രക്ഷപ്പെട്ട രാജു എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വ്യാഴാഴ്ച രാത്രി പച്ചക്കാട് ഉരുള്‍പൊട്ടി. അതോടെ അവിടെയുണ്ടായിരുന്നവരെ നമ്മള്‍ സമീപത്തെ സ്കൂളിലേക്ക് മാറ്റി. അപ്പോള്‍ സ്കൂളിന് ചുറ്റും മൂന്ന് വട്ടം ഉരുള്‍പൊട്ടി. അതോടെ എല്ലാവരേയും ഞങ്ങള്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി അപ്പോള്‍ വീണ്ടും പച്ചക്കാട് പൊട്ടിയ സ്ഥലത്ത് തന്നെ വീണ്ടും ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്. അതിലാണ് എല്ലാവരും ഒലിച്ചു പോയത്. പച്ചക്കാടില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പുത്തുമലയിലേക്ക് മാറിയ ആളുകളാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. അവിടെ സുരക്ഷിതമായിരിക്കും എന്നാണ് അവരെല്ലാം കരുതിയത്. കാട്ടിനകത്തൂടെ ഒരു മണിക്കൂറോളം നടന്ന് ഞങ്ങള്‍ കുറച്ചു പേര്‍ അതിനകം സുരക്ഷിതസ്ഥാനത്തേക്ക് മാറി. എന്‍റെ വീടിനടുത്തുള്ള മൂന്നോ നാലോ വീട്ടുകാരെ കുറിച്ച് ഒരു വിവരവുമില്ല അവര്‍ അപകടത്തില്‍പ്പെട്ടോ എന്ന് ആശങ്കയിട്ട്. പച്ചക്കാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ എല്ലാവരും പുത്തുമലയിലേക്ക് മാറിയതാണ്. എന്നാല്‍ അവിടെ അതിഭീകരമായ ഉരുള്‍പൊട്ടല്‍ പിന്നെയുണ്ടായി. 70 ആളുകളെങ്കിലും അതില്‍ കുടുങ്ങിയിട്ടുണ്ട്. രണ്ട് പാഡി മൊത്തം ഒലിച്ചു പോയി. ആറ് മുറികളാണ് ഒരു പാഡിയിലുണ്ടാവുക. അങ്ങനെ പന്ത്രണ്ട് മുറികള്‍. ഇതിന് അടുത്തുള്ള ക്വാര്‍ട്ടേഴ്സുകള്‍. മുസ്ലീം പള്ളി അതിനു ചുറ്റുവട്ടത്തെ വീടുകള്‍, പിന്നെ മറ്റൊരു മൂന്ന് വീടുകള്‍ അവിടെയുള്ളവരെയൊന്നും ഇപ്പോള്‍ കാണാനില്ല. - സംഭവത്തിന്‍റെ ദൃക്സാക്ഷിയായ മറ്റൊരാള്‍ പറയുന്നു. 

രണ്ടാമത് ഉരുള്‍പൊട്ടിയത് വന്‍സ്ഫോടനശബ്ദത്തോടെയാണ്. അന്നേരം ഒരു കാറിന്‍റെ ഹോണടിശബ്ദം കേട്ടാണ് ഞങ്ങള്‍ ഓടിച്ചെന്നത്. എന്നാല്‍ അഞ്ഞൂറ് മീറ്റര്‍ വീതിയില്‍ മണ്ണിടിഞ്ഞു വന്ന് കെട്ടിട്ടങ്ങളും വാഹനങ്ങളുമടക്കം എല്ലാം ഒലിച്ചു പോകുന്ന  ഭീകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. പച്ചക്കാടിനും മേലെ നിന്നും ഒരു കിലോമീറ്റര്‍ ദൂരെ നിന്നാണ് മണ്ണൊലിച്ചു വന്നത് എന്നാണ് എനിക്ക് തോന്നുന്നത്.  താഴോട്ട് ചുരുങ്ങിയത് നാല് കിലോമീറ്ററെങ്കിലും പോയി ഇത് കളാടി പുഴയില്‍ പോയി ചേരും. വളരെ ചെറിയ ഒരു കൈതോടാണ് ഉരുള്‍ പൊട്ടി ഇങ്ങനെയായത്.  ഉരുള്‍പൊട്ടലിന് പത്ത് മിനിറ്റ് മുന്‍പ് തോട്ടിലൂടെ കറുത്തജലം കുത്തിയൊലിച്ചു വരാന്‍ തുടങ്ങി. ഈ സമയം കൊണ്ട് എത്ര പേര്‍ രക്ഷപ്പെട്ടു എന്നറിയില്ല. പ്രദേശത്തുള്ള 90 ശതമാനം പേരെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും അനവധി പേര്‍ കുടുങ്ങി കിടപ്പുണ്ട്. കൈക്കുഞ്ഞുങ്ങള്‍ കൈയില്‍ നിന്നും നഷ്ടപ്പെട്ട ചിലര്‍ അവിടെ അലറിക്കരഞ്ഞു നടക്കുന്നത് കണ്ടിരുന്നു. - പച്ചക്കാട് സ്വദേശിയും സംഭവത്തിന് ദൃക്സാക്ഷിയുമായ സിദ്ധിഖ് എന്നയാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. 

നിരവധി കെട്ടിട്ടങ്ങളാണ് നിമിഷനേരം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയതെന്ന് സംഭവത്തിന്‍റെ ദൃക്സാക്ഷികള്‍ പറയുന്നു. ക്ഷേത്രവും പള്ളിയും തോട്ടം തൊഴിലാളികളുടെ ലായവും അടക്കം ഇതില്‍പ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പലരും മാറി താമസിച്ചിരുന്നു. എന്നാല്‍ അന്യസംസ്ഥാനതൊഴിലാളികള്‍ അടക്കമുള്ളവര്‍ പാഡിയില്‍ നിന്നു മാറി താമസിച്ചിരുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇതോടൊപ്പം പുത്തുമലയിലെ വിവിധ സ്വകാര്യ റിസോര്‍ട്ടുകളില്‍ എത്തിയ വിനോദസഞ്ചാരികളെക്കുറിച്ചും ആശങ്ക ശക്തമാണ്. മലപ്പുറത്ത് നിന്നും ഇന്നലെ പുത്തുമലയില്‍ എത്തിയ നാല് വിനോദസഞ്ചാരികളെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു. 

നിരവധി വാഹനങ്ങളും മറ്റും  പ്രളയത്തില്‍ ഒലിച്ചു പോയിട്ടുണ്ട്. അന്യജില്ലകളില്‍ നിന്നും മറ്റുമായി നിരവധി പേര്‍ പോയ ദിവസങ്ങളില്‍ പുത്തുമലയില്‍ എത്തിയിരുന്നുവെന്നാണ് വിവരം. പുറത്തു നിന്നുമെത്തിയ പലരേയും നാട്ടുകാര്‍ക്ക് അറിയില്ല. സംഭവസ്ഥലത്തുള്ള പ്രദേശവാസികളെയെല്ലാം രണ്ട് ക്യാംപുകളിലേക്കായി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഇവിടെയൊന്നും വിനോദസഞ്ചാരികള്‍ ഇല്ല എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. വയനാട് വിംസ് ആശുപത്രിയില്‍ നിന്നും ഐസിയു സൗകര്യമുള്ള രണ്ട് ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്. 

അതേസമയം നാല്‍പ്പത് പേരെങ്കിലും മണ്ണിനടിയില്‍ കുടുങ്ങി പോയിട്ടുണ്ടാകാമെന്നാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സലീം എന്ന പ്രദേശവാസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സലീമിന്‍റെ വാക്കുകള്‍... മിനിഞ്ഞാന്ന് രാത്രി പത്തിനും പതിനൊന്നുമണിക്കും ഇടയിലാണ് അവിടെ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായത്. പിന്നീട് രാത്രി മുഴുവന്‍ ഉരുള്‍ പൊട്ടലുണ്ടായതിന്‍റെ ശബ്ദം ആവര്‍ത്തിച്ചുണ്ടായി. ഇതില്‍ പാലം അടക്കം ഒലിച്ചു പോയി. പച്ചക്കാട് സ്വദേശിയായ ഞാന്‍ അപകടസ്ഥലത്ത് പോയി ആളുകളെ ഒഴിപ്പിച്ചു. രണ്ട് വീടുകള്‍ അടിത്തറയടക്കം ഒലിച്ചു പോയി. അവിടെ ഞങ്ങള്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് വൈകുന്നേരം പിന്നെയും ഉരുള്‍പൊട്ടലുണ്ടായത്. ചുരുങ്ങിയത് നാല്‍പ്പത് പേരെങ്കിലും പ്രളയത്തില്‍ ഒലിച്ചു പോയിട്ടുണ്ടാകാം എന്നാണ് എനിക്ക് തോന്നുന്നത്. അപകടമുണ്ടായതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ പാഡിയിലേക്ക് മാറിയിരുന്നു. ഇവരൊക്കെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.