കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി ദിനംപ്രതി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ വീഡിയോ ഒരുക്കി ശ്രദ്ധേയരാകുകയാണ് കേരളത്തിലെ വിദ്യാർത്ഥികളും. വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എങ്ങനെയാണ് കൊറോണ വൈറസ് ബാധ ഉണ്ടാകുന്നതെന്നും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും വീഡിയോയിൽ വളരെ വിശദമായിത്തന്നെ വ്യക്തമാക്കുന്നു. 

കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സന്‍സ്‌കാര സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്  രണ്ടേമുക്കാല്‍ മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. രോഗ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതാണ് ഈ വീഡിയോ. ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഓരോ സന്ദര്‍ഭത്തിനും അനുസരിച്ചുള്ള കുട്ടികളുടെ ഭാവപ്രകടങ്ങളും മറ്റും നിര്‍ദേശങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നുണ്ട്. തുമ്മുമ്പോഴും ചുമക്കുമ്പോഴും എന്ത് ചെയ്യണം, രോ​ഗം പകരാനുള്ള സാഹചര്യങ്ങൾ എങ്ങനെയാണ്?, ഇവ എങ്ങനെ തടയാം തുടങ്ങി നിരവധി വസ്തുതകൾ വീഡ‍ിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.