സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ദാമ്പത്യങ്ങളിലൊന്നാണ് ടി വി തോമസിന്‍റെയും ഗൗരിയമ്മയുടെയും വിവാഹ ജീവിതം. ഇരുവരുടെയും ബന്ധത്തിലെ സ്നേഹപൂര്‍ണമായ നിമിഷങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ രണ്ടു ദിവസമായി രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാകുന്നത്. അറുപത് വര്‍ഷത്തോളം പഴക്കമുളളതാണ് അപൂര്‍വ വീഡിയോ ദൃശ്യം.

ഭക്ഷണം പാകം ചെയ്ത് ഭര്‍ത്താവ് ടി വി തോമസിന് സ്നേഹപൂര്‍വം വിളമ്പി ഒപ്പമിരുന്ന് കഴിക്കുന്ന കേരളത്തിന്‍റെ വിപ്ലവ നായിക. സംസ്ഥാന രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തരായ നേതാക്കള്‍ ഇരുവരുടെയും വ്യക്തി ജീവിതത്തിലെ ഊഷ്മളത വിളിച്ചു പറയുന്ന നിമിഷങ്ങളാണ് കഷ്ടിച്ച് ഒന്നര മിനിട്ടു മാത്രം നീളുന്ന വീഡിയോയുടെ ഉളളടക്കം. മലയാളത്തിലെ അതിപ്രശസ്തമായ പ്രണയ ഗാനത്തിന്‍റെ അകമ്പടിയോടെയാണ് കഴിഞ്ഞ രണ്ടു ദിവസമായി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഗൗരിയമ്മയുടെ ബന്ധുവും ലോക്താന്ത്രിക് യുവജനതാദള്‍ നേതാവുമായ ഹാപ്പി പി അബുവാണ് രണ്ടു ദിവസം മുമ്പ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ഗൗരിയമ്മയുടെ ഫെയ്സ്ബുക്ക് പേജിലും വീഡിയോ എത്തി. 1960 കളുടെ തുടക്കത്തിലെപ്പോഴോ ചിത്രീകരിച്ചതാവാം വീഡിയോ എന്നാണ് കരുതുന്നത്. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടില്‍ ഇരുവരും ഒന്നിച്ചുളളപ്പോഴാണ് ചിത്രീകരിച്ചതെന്നും ദൃശ്യങ്ങളില്‍ വ്യക്തം. എന്നാല്‍ ആരാണ് അന്നീ വീഡിയോ ചിത്രീകരിച്ചതെന്നത് വ്യക്തമല്ല. കുഞ്ചാക്കോയടക്കമുളള ചലച്ചിത്ര പ്രവര്‍ത്തകരുമായി അടുത്തബന്ധമുണ്ടായിരുന്നു ടി വി തോമസിന്. അക്കാലത്ത് അവരാരെങ്കിലും ചിത്രീകരിച്ചതാകാമെന്നാണ് അനുമാനം.