Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലന്‍സ്

പാലാരിവട്ടം പാലം നിര്‍മ്മിക്കാന്‍ കുറഞ്ഞ പലിശക്ക് വായ്പ നല്കിയത് മൂലം സര്‍ക്കാരിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍  മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നെന്നും വിജിലന്‍സിന്‍റെ സത്യവാങ്മൂലം.

vigilance claims that Ibrahim kunj has hidden agenda in palarivattom fly over scam
Author
Cochin, First Published Sep 28, 2019, 12:59 PM IST

കൊച്ചി: പാലാരിവട്ടം പാലം കരാറുകാരന് ചട്ടം ലംഘിച്ച് വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍  മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് വിജിലന്‍സിന്‍റെ സത്യവാങ്മൂലം. കുറഞ്ഞ പലിശക്ക് വായ്പ നല്കിയത് മൂലം സര്‍ക്കാരിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും  ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന‍് തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍  വിജിലന്‍സ് ആരോപിക്കുന്നു.

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെൻറ്  കോർപറേഷൻ  അസിസ്റ്റന്‍റ് ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ, മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോൾ,  നാലാം പ്രതിയും  മുൻ പൊതുമരാമത്ത് സെക്രട്ടറിയുമായ ടി ഒ സൂരജ് എന്നിവരുടെ  ജാമ്യാപേക്ഷ   ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഫയല്‍ ചെയ്യുന്ന  എതിര്‍ സത്യവാങ്മൂലത്തിലാണ് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ  ഗുരുതരമായ വെളിപ്പെടുത്തലുകള്‍ വിജിലന്‍സ് നടത്തിയിരിക്കുന്നത്. 

Read Also: ഇബ്രാഹിം കുഞ്ഞിന് ക്ളീൻ ചിറ്റ് ഇല്ല: പണം അനുവദിച്ചതില്‍ ഗുരുതര പിഴവ്, പുതുക്കിയ സത്യവാങ്ങ്മൂലം നല്‍കും

ചട്ടം ലഘിച്ച് കരാറുകാരന് വായ്പ അനുവദിച്ച് ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ  ഇബ്രാഹിം കുഞ്ഞാണ്. പ്രീ ബിഡ് യോഗത്തിലെ തീരുമാനത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരത്തില്‍ വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ അന്ന് വായ്പക്ക് ഈടാക്കിയിരന്നത് 11 മുതല്‍ 14 ശതമാനം വരെ പലിശയാണ്. എന്നാല്‍ വെറും ഏഴ് ശതമാനം പലിശക്കാണ് കരാറുകാരന് വായ്‍പ നല്‍കിയത്. ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ഇക്കാര്യം അക്കൗണ്ട് ജനറലിന്‍റെ 2014 ലെ റിപോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: മുന്‍കൂര്‍ പണം അനുവദിച്ചത് സൂരജിന്‍റെ ശുപാര്‍ശയിലെന്ന് വിജിലന്‍സ്, മന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നു

ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടാണ് വായ്പ അനുവദിച്ച് ഉത്തരവിട്ടതെന്ന് ടി ഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് മുവാറ്റുപുഴ സബ് ജയിലില്‍വെച്ച് ചോദ്യം ചെയ്തപ്പോഴും  സൂരജ് ഇതേ മൊഴി നല്കിയതായി വിജിലന്‍സിന്‍റെ സത്യവാങ്മൂലത്തില്‍പറയുന്നു.  ഈ സാഹചര്യത്തില്‍ മുന്‍ മന്ത്രിയുടെ പങ്കിനെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സത്യവാങ്മൂലത്തിലുണ്ട്. കേസന്വേഷണത്തെ തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിതകളുടെ ജാമ്യാപേക്ഷയില്‍ ഈ മാസം 24ന് കോടതി തീരുമാനമെടുക്കാഞ്ഞത്.  പാലം പൊളിക്കേണ്ടി വരുമെന്നത് വസ്തുത തന്നെയാണെന്നും  കോടതി പറഞ്ഞിരുന്നു.പാലത്തിന്‍റെ ഗുണനിലവാരം അറിയാന്‍ ലാബ് റിപ്പോർട്ട്‌ പരിശോധിക്കേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്നും വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. 

Read Also: പാലാരിവട്ടം പാലം അഴിമതി; അന്വേഷണം തടസ്സപ്പെടുത്താന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി

Follow Us:
Download App:
  • android
  • ios