തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആർ ടി ഒ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ഓപ്പറേഷന്‍ ഉജാല എന്ന പേരിലാണ് ആര്‍ടിഒ ഓഫീസുകളിലെ റെയ്ഡ് നടക്കുന്നത്. 

സംസ്ഥാനത്തെ എല്ലാ ജില്ലാ ആര്‍ടിഒ ഓഫീസുകളിലും റീജിയണല്‍ ആര്‍ടിഒ ഓഫീസുകളിലും റെയ്ഡ് തുടരുകയാണ്. എറണാകുളത്ത് മാത്രം ഏഴിടങ്ങളില്‍ ഒരേസമയം റെയ്ഡ് നടക്കുകയാണ്. ആലപ്പുഴയില്‍ നാലിടത്തും മലപ്പുറത്ത് മഞ്ചേരി, പൊന്നാനി, നിലമ്പൂര്‍, മലപ്പുറം എന്നിവിടങ്ങളിലും റെയ്ഡ് ആരംഭിച്ചു.  

റെയ്ഡിനിടെ ചിലയിടങ്ങളില്‍ ഏജന്‍റുമാരെ പണം സഹിതം പിടികൂടിയിട്ടുണ്ട്. ആലപ്പുഴയിലെ കായംകുളം,ചെങ്ങന്നൂർ, ചേർത്തല,മാവേലിക്കര ആർടിഒ ഓഫീസുകളിൽ നടന്ന പരിശോധനയിൽ പണവുമായി ഏജന്‍റുമാര്‍ പിടിയിലായി. കായംകുളം ആര്‍ടിഒ ഓഫീസില്‍ മാത്രം അഞ്ച് ഏജന്‍റുമാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നായി നാല്‍പ്പതിനായിരം രൂപയിലധികം പിടികൂടി. 

റെയ്ഡ് രാത്രി വരെ നീളും എന്നാണ് വിവരം. മോട്ടോര്‍ വാഹനവകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ സുഗമവും സുതാര്യവുമാക്കാന്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ വിവിധ വെബ്സൈറ്റുകളും ഓണ്‍ലൈന്‍ സേവനകളും നടപ്പാക്കിയെങ്കിലും പലതും ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിക്കുന്നതായി വിജിലന്‍സിന് നിരന്തരം പരാതി ലഭിച്ചിരുന്നു.