കണ്ണൂർ: അഴിക്കോട് സ്കൂളിന് ഹയർസെക്കന്ററി അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴവാങ്ങി എന്ന് 2017ൽ ഉയർന്ന പരാതിയിൽ വിജിലൻസ് ഇന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കും. കണ്ണൂർ ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. 

കെ എം ഷാജിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് ഇന്നലെ നിയമോപദേശം തേടിയിരുന്നു. ലോക്ഡൗൺ ആയതിനാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനപ്പുറം കൂടുതൽ അന്വേഷണത്തിലേക്ക് ഇപ്പോൾ കടക്കില്ലെന്ന് വിജിലൻസ് അറിയിച്ചു. ഷാജി കോഴ വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിനയച്ച കത്ത് ആധാരമാക്കി സിപിഎം നേതാവ് കൊടുവൻ പത്മനാഭനാണ് 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ചതിന് പിന്നാലെ ഷാജിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.