കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ വിജിലൻസ് ഷാജിയോട് ആവശ്യപ്പെട്ടിരുന്നു. 

കോഴിക്കോട്: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കെ.എം.ഷാജി കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഹാജരായി. ഷാജിയെ ഇപ്പോൾ വിജിലൻസ് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരായ ഷാജി രേഖകൾ ഹാജരക്കാൻ സമയം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി 154 ബൂത്തു കമ്മിറ്റികൾ പിരിച്ചെടുത്ത രസീതിൻ്റെ കൗണ്ടർഫോയിൽ ഷാജി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കി.

കെ.എം.ഷാജിയുടെ വീട്ടിൽ നിന്ന് വിജിലന്‍സ് കണ്ടെടുത്ത 47 ലക്ഷം രൂപയുടെ ഉറവിടം കാണിക്കാന്‍ വിജിലൻസ് ഷാജിയോട് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ചെലവിലേക്ക് സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്തതാണിതെന്നും തെളിവായി രസീറ്റുകള്‍ ഹാജരാക്കുമെന്നും ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ഹാജറാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്. അതേസമയം അന്വേഷണ സംഘം ഇതുവരെയുള്ള വിവരങ്ങള്‍ കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറുന്നുണ്ട്.