എറണാകുളം: പി.ടി.തോമസ് എംഎൽഎക്ക് എതിരായ വിജിലൻസ് അന്വേഷണം തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കാൻ  ഇടതു മുന്നണി. എറണാകുളം ചിലവന്നൂരിൽ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്നാണ് ആരോപണം. എന്നാൽ, ഇപ്പോൾ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്, മുഖ്യമന്ത്രിക്ക് എതിരെ പ്രസ്താവന നടത്തുന്നതു കൊണ്ടാണെന്നാണ് പി.ടി.തോമസിന്‍റെ പ്രതികരണം.

ചിലവന്നൂര്‍ കായലിന്റെ ഭാഗമായ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെടുത്ത ഈ ഭൂമിയെ ചൊല്ലിയാണ് വിവാദം. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ് പിടി തോമസിൻറെ അറിവോടെ തോട് കയ്യേറ്റം നടന്നതെന്നാണ് പരാതി. 

സമീപത്തുള്ള നഗരസഭ ഭൂമിയിൽ ഫുട്ബോൾ ഗ്രൗണ്ടും ബാഡ്മിൻറൺ കോർട്ടും റോഡും നിർമ്മിക്കാൻ കൗൺസിൽ അംഗീകാരം നൽകിയിരുന്നു. പി ടി തോമസ് എംഎല്‍എയുട ഭാര്യ ഉമ തോമസ് ഡയറക്ടറായിരുന്ന എറണാകുളം സഹകരണ ഹൗസിംഗ് സൊസൈറ്റിക്ക് ഇവിടെ ഭൂമിയുണ്ട്. ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിനു വേണ്ടിയാണ് തോടു നികത്തിയ സ്ഥലത്ത് പണികൾക്ക് അനുമതി നൽകിയതെന്നാണ് പരാതി. 

കേസിൽ അന്വേഷണം നടത്താൻ ഡിസംബറിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. ഇതിനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയത്. സ്വന്തം കാര്യം വരുന്പോൾ പി ടി തോമസ് പരിസ്ഥിതി സ്നേഹം മറക്കുകയാണെന്നാണ് സിപിഐ എറണാകുള ജില്ലാ കമ്മറ്റിയുടെ കുറ്റപ്പെടുത്തൽ.

എന്നാൽ സിപിഎം സിപിഐ പ്രതിനിധികൾ ഉൾപ്പെട്ട സർവ്വ കക്ഷി യോഗവും കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും ഒരുമിച്ചെടുത്ത തീരുമാന പ്രകാരമാണ് പണികൾ നടത്തിയതെന്നാണ് പി ടി തോമസ് പറയുന്നത്. വിഷയം ഉയർത്തി വരും ദിവസങ്ങളിൽ സമരം തുടങ്ങാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.