ഡോ. എന്‍. സാം എഡിറ്ററായ സാഹിത്യ ചരിത്രം പാകപ്പിഴകളെത്തുടര്‍ന്ന് ആറുവാള്യം പുറത്തിറക്കിയശേഷം നിര്‍ത്തിവച്ചിരുന്നു.

തൃശൂര്‍: തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ യുഡിഎഫ് കാലത്ത് പുറത്തിറക്കിയ സാഹിത്യ ചരിത്ര സഞ്ചയത്തിന്‍റെ പ്രസിദ്ധീകരണം വിജിലന്‍സ് അന്വേഷിക്കുന്നു. ഡോ. എന്‍. സാം എഡിറ്ററായ സാഹിത്യ ചരിത്രം പാകപ്പിഴകളെത്തുടര്‍ന്ന് ആറുവാള്യം പുറത്തിറക്കിയശേഷം നിര്‍ത്തിവച്ചിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിലെ ക്രമക്കേടാണ് ഇപ്പോള്‍ വിജിലന്‍സിന്‍റെ അന്വേഷണ പരിധിയിലുള്ളത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായിരുന്ന കാലത്ത് പുറത്തിറക്കിയ ഡോ. എന്‍. സാം എഡിറ്ററായ മലയാള സാഹിത്യ ചരിത്രം ആറുവാല്യം പാകപ്പിഴകളെത്തുടര്‍ന്നാണ് അക്കാദമി വിതരണം നിര്‍ത്തിയത്. ചരിത്രത്തില്‍ ഇടം നേടേണ്ട പലരും പുറത്തായെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം. ഇക്കാര്യം പരിശോധിച്ച ഡോ. എം ലീലാവതി അധ്യക്ഷയായ കമ്മിറ്റിയും ഇത് ശരിവച്ചിരുന്നു. പുസ്തക നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങളായിരുന്നു ചെലവായിരുന്നത്.

ഇത് കൂടാതെ ഗ്രന്ധ സൂചിക പുറത്തിറക്കിയതിലെ ക്രമക്കേട്, അക്കാദമി ഹാളുകള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ ക്രമക്കേട് എന്നീ പരാതികളുമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. അക്കാദമി ഹാള്‍ വാടകയ്ക്ക് നല്‍കുന്നതില്‍ പിഴവുണ്ടായിട്ടില്ലെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക നിഗമനം. മറ്റ് രണ്ട് പരാതികളിലും കൂടുതല്‍ രേഖകള്‍ പരിശോധിക്കുകയാണ് വിജിലസ്. അതേസമയം, വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് പുതിയ ഭരണ സമിതി. ഹാള്‍ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങളുണ്ടെന്നും രേഖകള്‍ കൃത്യമാണെന്നും അക്കാക്കാദമി വ്യക്തമാക്കി.